Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു വധം: അന്വേഷണം നെട്ടൂരിലെ നാലംഗ സംഘത്തിലേക്ക്

abhimanyu

കൊച്ചി ∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ എം. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം എറണാകുളം നെട്ടൂർ സ്വദേശികളായ നാലംഗ സംഘത്തിലേക്ക്. തൻസീർ, സഹൽ, സാഹിദ്, റജീബ് എന്നിവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കുത്തിയത് ഇവരിൽപെട്ടവരാണെന്നു കരുതുന്നു. കേസിൽ ഇതിനകം അറസ്റ്റിലായ പ്രധാന പ്രതികളായ ജെ.ഐ. മുഹമ്മദും ആദിലും ചോദ്യം ചെയ്യലിനിടെ റജീബിന്റെ പങ്ക് മറച്ചുവയ്ക്കാൻ ശ്രമിച്ചതും അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്നുണ്ട്. എന്നാൽ, നാലു പേരും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരാണെന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

നെട്ടൂരിൽ ലോകകപ്പ് ഫുട്ബോൾ മത്സരം ബിഗ് സ്ക്രീനിൽ കാണിച്ച സ്ഥലത്തു നിന്നാണു സംഭവ ദിവസം രാത്രിയിൽ നാലംഗ സംഘം മഹാരാജാസ് കോളജിലെത്തിയതെന്നു വ്യക്തമായി. സംഭവത്തിനുശേഷം ജെ.ഐ. മുഹമ്മദും ആദിലും ഉൾപ്പെടെ പ്രധാന പ്രതികളെല്ലാം കടന്നുകളഞ്ഞത് ആലപ്പുഴ വഴിയായിരുന്നു. കൊലപാതകത്തിനുശേഷം ബൈക്കിൽ സുഹൃത്തിനൊപ്പമാണു ജെ.ഐ. മുഹമ്മദ് കടന്നത്. പൂച്ചാക്കലിൽ എത്തിയശേഷം ബൈക്ക് മാറി. ഓട്ടോറിക്ഷയിലും കാറിലുമൊക്കെയാണു മറ്റു പ്രതികൾ പൂച്ചാക്കലിൽ എത്തിയതെന്നും ഇവിടെനിന്നാണു പലവഴിക്കു പോയതെന്നും പൊലീസ് കരുതുന്നു.

ആലപ്പുഴയിൽ നിന്നു കർണാടക വഴി ഗോവയിലേക്കു കടന്നുവെന്നാണു മുഹമ്മദിന്റെ മൊഴിയെങ്കിലും, ഇയാൾ തിരുവനന്തപുരത്ത് ഒളിവിൽ താമസിച്ചതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ഒളിവിൽ കഴിയാൻ സഹായിച്ചവരെപ്പറ്റി മുഹമ്മദ് പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും അന്വേഷണ സംഘം വിലയിരുത്തി. ഇയാൾ കേരളത്തിനു പുറത്തു പോയിരിക്കാൻ സാധ്യതയില്ലെന്നും കേസ് സംബന്ധിച്ചു വ്യക്തമായ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കരുതുന്നു.

കൊലപാതകം നടന്ന ദിവസം ധരിച്ച ഷർട്ട് ബസിൽ മറന്നുവച്ചെന്നും മൊബൈൽ ഫോൺ എറിഞ്ഞുകളഞ്ഞെന്നുമാണു മുഹമ്മദിന്റെ മൊഴി. ഇതും തെറ്റാണെന്നു വ്യക്തമായി. മുഹമ്മദിനെയും ആദിലിനെയും വീണ്ടും ചോദ്യംചെയ്യുന്നതോടെ കൊലപാതകത്തിന്റെ ചിത്രം കൂടുതൽ വ്യക്തമാകുമെന്നും പൊലീസ് കരുതുന്നു.