മലബാർ സിമന്റ്സ്: സുപ്രീം കോടതിയെ സമീപിക്കും: ആക്‌ഷൻ കൗൺസിൽ

പാലക്കാട് ∙ ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണത്തിനു കാരണമായെന്നു സംശയിക്കുന്ന മലബാർ സിമന്റ്സിലെ അഴിമതികൾ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു കമ്പനി മുൻ സെക്രട്ടറി ശശീന്ദ്രന്റെ കുടുംബവും ആക്‌ഷൻ കൗൺസിൽ ഭാരവാഹികളും അറിയിച്ചു.

സിമന്റ്സ് അഴിമതികൾ കൂടി സിബിഐ അന്വേഷിക്കാൻ കുടുംബമേ‍ാ, ആക്‌ഷൻ കൗൺസിലേ‍ാ ഇതുവരെ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല. അങ്ങനെയൊരു സുപ്രീം കോടതി ഉത്തരവുണ്ട് എന്നു പറഞ്ഞാണു ഹൈക്കോടതി കേസ് തള്ളിയത്. വിധിപ്പകർപ്പു കിട്ടിയശേഷം നടപടി സ്വീകരിക്കാനാണ് കുടുംബവും ആക്‌ഷൻ കൗൺസിലും ഉദ്ദേശിക്കുന്നത്. ശശീന്ദ്രൻ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം തള്ളി പുനരന്വേഷണം നടത്തണമെന്ന ഹർജിയും തീർപ്പാക്കിയിട്ടില്ല.

അതിനിടയിൽ ശശീന്ദ്രന്റെ കൊലപാതകത്തെക്കുറിച്ച് അറിയാവുന്ന ഭാര്യ ടീന, സതീന്ദ്രകുമാർ, അയൽവാസി, ഗേറ്റ് കീപ്പർ എന്നിവരും ദുരൂഹമായി മരിച്ചിട്ടും കൃത്യമായ അന്വേഷണം നടത്താത്തതിൽ വേദനയുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ശശീന്ദ്രന്റെ മരണം മാത്രം സിബിഐ അന്വേഷിച്ചാൽ മതി, അതിനു കാരണമായ അഴിമതി അന്വേഷിക്കേണ്ടതില്ല എന്ന സർക്കാർ സത്യവാങ്മൂലമാണു ഹൈക്കോടതി ഉത്തരവിനു കാരണം.