ആ കത്തിൽ ‘ഭൂമി ഏറ്റെടുക്കൽ’ പ്രശ്നങ്ങൾ; മറുപടി വൈകാതെ

തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കു പ്രധാനമന്ത്രി കൈമാറിയ ‘രഹസ്യ കത്തിനുള്ള’ മറുപടി സംസ്ഥാനസർക്കാർ താമസിയാതെ നൽകും. കേന്ദ്രപദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകുന്നതിലുള്ള കുറ്റപ്പെടുത്തലാണു കത്തിലുള്ളത്. ഡൽഹിയിൽ വ്യാഴാഴ്ച സർവകക്ഷി സംഘത്തെ കണ്ടുപിരിയുന്ന ഘട്ടത്തിലാണ് അവരെ അമ്പരപ്പിച്ചുകൊണ്ട് ഒരു കുറിപ്പ് മുഖ്യമന്ത്രിക്കു മാത്രമായി പ്രധാനമന്ത്രി കൈമാറിയത്. മാധ്യമങ്ങളെയും പ്രതിപക്ഷനേതാവിനെയും അതിന്റെ ഉള്ളടക്കം അറിയിക്കില്ലെന്ന ആമുഖം കൂടിയായതോടെ അതിലെന്താണെന്ന സസ്പൻസ് മുറുകി. 

ഡൽഹിയിൽ നിന്നു തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ വിശദാംശങ്ങൾ ഓഫിസിനെ അറിയിച്ചു. ഗെയിൽ പദ്ധതി, ബിപിസിഎൽ, റെയിൽവേ വികസനം തുടങ്ങിയ കേന്ദ്ര–സംസ്ഥാന പങ്കാളിത്തമുള്ള പദ്ധതികളുടെ കാര്യത്തിലെ കാലതാമസമാണു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പരാതി പറയാനെത്തിയ സംസ്ഥാനം ആദ്യം സ്വന്തം ജോലി തീർക്കൂവെന്ന സന്ദേശമായിരുന്നു അതിൽ ഒളിഞ്ഞിരുന്നതും. 

എന്നാൽ ഗെയിൽ പദ്ധതിയുടെ കാര്യത്തിൽ‍ പഴയ വിവരങ്ങളാണു പ്രധാനമന്ത്രിയുടെ കത്തിലുള്ളതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. കഴിഞ്ഞ അവലോകനത്തിൽ നിന്നും കാര്യങ്ങൾ ഏറെ മുന്നേറിയിട്ടുണ്ട്. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതിൽ ചിലത് ഏതാണ്ടു പൂർത്തിയായവയാണ്, ചിലതു നല്ല പുരോഗതി കൈവരിക്കുന്നു. കേരളം പോലെ ഒരു സംസ്ഥാനത്തു ഭൂമി ഏറ്റെടുക്കൽ എളുപ്പമല്ലെന്ന വിശദീകരണം തന്നെയാണു സംസ്ഥാനത്തിന്റേത്. സാധാരണ ഗതിയിൽ കേന്ദ്രസഹായ പദ്ധതികളുടെ കാര്യത്തിലെ പുരോഗതി കൃത്യമായ ഇടവേളകളിലുള്ള അവലോകനയോഗങ്ങളിലാണ് അറിയിക്കാറുള്ളത്. പ്രധാനമന്ത്രി തന്നെ ഇക്കാര്യത്തിൽ ഒരു കുറ്റപത്രവുമായി നോക്കിനിന്നതിനാൽ മറുപടിക്ക് അതുവരെ കാത്തിരിക്കില്ല.