കസ്തൂരിരംഗൻ വിഷയം: കേന്ദ്ര വനം മന്ത്രിയുമായി ചർച്ച നടത്തി ജോയ്‌സ് ജോർജ്

ന്യൂഡൽഹി ∙ കസ്തൂരിരംഗൻ വിഷയത്തിൽ ജോയ്‌സ് ജോർജ് എംപി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധനനുമായി ചർച്ച നടത്തി. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പരിധിയിൽ നിന്നു കൃഷി തോട്ടം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി അന്തിമ വിജ്‌ഞാപനം പുറപ്പെടുവിക്കുകയോ 2013 നവംബർ 13ലെ ഉത്തരവ് അനുസരിച്ചുള്ള നിയന്ത്രണങ്ങൾ മാറ്റുകയോ ചെയ്യണമെന്ന് എംപി ആവശ്യപ്പെട്ടു. മന്ത്രി അൽഫോൻസ് കണ്ണന്താനവും എ. സമ്പത്ത് എംപിയും ഒപ്പം ഉണ്ടായിരുന്നു. 

കൊട്ടാക്കമ്പൂർ: ജോയ്സ് ജോർജ് രേഖകൾ കൈമാറി

മൂന്നാർ ∙ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ അഭിഭാഷകൻ മുഖേന ജോയ്സ് ജോർജ് എംപി ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാറിനു കൈമാറി. 

പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്നും ജോയ്സ് അറിയിച്ചു. പട്ടയം അനുവദിച്ച സമയം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ പൊരുത്തക്കേടുകളും മറ്റും ചൂണ്ടിക്കാട്ടി എംപിയുടെയും കുടുംബാംഗങ്ങളുടെയും പട്ടയം സബ് കലക്ടർ റദ്ദാക്കിയിരുന്നു. ഈ നടപടി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് കണ്ടെത്തി ഭൂരേഖകൾ വീണ്ടും പരിശോധിക്കാൻ കലക്ടർ നിർദേശം നൽകിയിരുന്നു. പട്ടയം റദ്ദാക്കാൻ തീരുമാനിക്കുന്നതിനു മുൻപ് പറയാനുള്ളത് കേട്ടില്ലെന്ന് ജോയ്സും പരാതിപ്പെട്ടിരുന്നു. 

ജോയ്സ് ജോർജിന്റെ കുടുംബത്തിന് ഭൂമി വിറ്റ പഴയ പട്ടയ ഉടമകളായ അഞ്ച് പേർക്കും നോട്ടിസ് നൽകിയിരുന്നെങ്കിലും ആരും ഹാജരായില്ല. അവർക്ക് ഓഗസ്റ്റ് മൂന്നുവരെ സമയം നൽകി.