ബിഷപ്പിനെതിരെയുള്ള കേസ്: പിൻമാറാൻ വാഗ്ദാനം ലഭിച്ചെന്ന് കന്യാസ്ത്രീയുടെ ബന്ധു

കോട്ടയം ∙ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പരാതിയിൽ നിന്നു പിൻമാറുന്നതിനു വൻ വാഗ്ദാനം ലഭിച്ചതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ കൊച്ചിയിലുള്ള ബന്ധു പൊലീസിനു മൊഴി നൽകി. പണവും പദവിയും വാഗ്ദാനം ചെയ്തുവെന്നും ബന്ധു പൊലീസിനെ അറിയിച്ചു. ബന്ധുവിന്റെ സുഹൃത്തു വഴിയാണ് ബിഷപ്പിനു വേണ്ടി ഒത്തുതീർപ്പ് ശ്രമം നടന്നതെന്നാണ് മൊഴി.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും പരാതിക്കാരിയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വിട്ടതു സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് കന്യാസ്ത്രീയുടെ ബന്ധുവിനെ വിളിച്ചു വരുത്തിയത്. കള്ളപ്പരാതിയാണെന്ന പേരിൽ നാട്ടുകാരിൽ നിന്ന് അകൽച്ച നേരിട്ട സാഹചര്യത്തിലാണ് ഫോൺ സംഭാഷണം പുറത്തു വിട്ടതെന്നും മൊഴി നൽകി.

അതിനിടെ കന്യാസ്ത്രീയുടെ ഡൽഹിയിലുള്ള ബന്ധു ഞായറാഴ്ചയ്ക്കു മുൻപ് കോട്ടയത്ത് എത്തുമെന്ന് വൈക്കം ഡിവൈഎസ്പിയെ അറിയിച്ചു. കന്യാസ്ത്രീക്കെതിരെ ഡൽഹിയിലെ ബന്ധു പരാതി നൽകിയതു സംബന്ധിച്ച വിവര ശേഖരണത്തിനാണു പൊലീസ് വിളിച്ചുവരുത്തുന്നത്.