Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെച്ചൂർ പശുവിന് യൂറോപ്പിൽ ബന്ധുക്കൾ !

Vechoor-Cow വെച്ചൂർ പശു

കൊച്ചി ∙ വെച്ചൂർ പശുവിനു യൂറോപ്പിൽ ‘കസിൻ’. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പശു ഇനവും കേരളത്തിന്റെ തനതു ജനുസ്സുമാണ് വെച്ചൂർ പശു. യൂറോപ്പിലെ കുള്ളൻ പശുക്കളായ ‘സ്വെർഗ്സെബു’വിനും (zwergzebu) വെച്ചൂർ പശുവിനും പൊതുവായ പൂർവികരാണെന്നു കണ്ടെത്തിയത് കാക്കനാട് സ്മാർട് സിറ്റിയിലെ അഗ്രിജിനോമിലെ ഡോ.പ്രമോദ്കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ്.

വെച്ചൂർ ഉൾപ്പെടെ വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട ഏഴ് പശു ഇനങ്ങളിലെ ‘മൈറ്റോകോൺട്രിയ’യുടെ ജനിതകഘടനയിൽ പരീക്ഷണം നടത്തിയും ഇൗ ഗവേഷണ ഫലം ലോകത്തെ മറ്റു പശു ഇനങ്ങളുമായി താരതമ്യം ചെയ്തുമാണ് വെച്ചൂർ പശുവിന്റെ യൂറോപ്പിലെ ബന്ധം കണ്ടെത്തിയത്. വെച്ചൂർ പശു ഉൾപ്പെട്ട ദക്ഷിണേന്ത്യൻ പശുക്കളുടെ മൈറ്റോകോൺട്രിയയുടെ ജനിതകഘടനയിൽ ഉത്തരേന്ത്യൻ പശുക്കളെക്കാൾ സാമ്യം യൂറോപ്പിലെ ഇൗ ബന്ധുവുമായാണ്.

-zwergzebu സ്വെർഗ്സെബു പശു

ദക്ഷിണേന്ത്യൻ പശുക്കളും ഗീർ, താർപാർക്കർ തുടങ്ങിയ ഉത്തരേന്ത്യൻ പശുക്കളും ഏതാണ്ട് 20000–30000 വർഷം മുൻപ് രണ്ടു കുടുംബങ്ങളായി വേർപിരിഞ്ഞതാണെന്നും ഗവേഷകസംഘം കണ്ടെത്തി. മൈറ്റോകോൺട്രിയൽ ഡിഎൻഎ, അനിമൽ ബയോടെക്നോളജി എന്നീ രാജ്യാന്തര ജേണലുകളുടെ ഏറ്റവും പുതിയ ലക്കത്തിൽ ഇൗ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വെർഗ്സെബു പശുക്കൾക്കു ശ്രീലങ്കയുമായി ബന്ധമുണ്ട്. ഇവിടെനിന്നാണ് ഇവയെ ജർമനിയിലേക്കു കൊണ്ടുപോയത്. അഗ്രിജിനോമിലെ ഡോ.ദിനേശ്, ഡോ. ജോർജ് തോമസ്, സജേഷ് എന്നിവരും ഗവേഷണത്തിന്റെ ഭാഗമായിരുന്നു. വെറ്ററിനറി സർജൻമാരായ ഡോ.അനിൽ സക്കറിയ, ഡോ. അരുൺ സക്കറിയ എന്നിവരുടെ സഹായവും ലഭിച്ചു. ‌ 

പശുവർഗം രണ്ട്

ലോകത്ത് പ്രധാനമായും രണ്ട് പശു വർഗങ്ങളാണുള്ളത്. ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ മേഖലകളിലെ തനതു പശുക്കൾ, സ്വെർഗ്സെബു ഉൾപ്പെടെ മുതുകിൽ ‘പൂഞ്ഞ (hump) ഉള്ള പശുക്കളും ഉൾപ്പെടുന്ന ബോസ് ഇൻഡിക്കസ് വിഭാഗം ഒന്ന്. ഹോൾസ്റ്റീൻ, ജേഴ്സി പശുക്കൾ ഉൾപ്പെടുന്ന ബോസ് ടോറസ് വിഭാഗം രണ്ട്.

മനുഷ്യൻ പശുക്കളെ ഇണക്കി വളർത്താൻ തുടങ്ങിയിട്ട് 10000–8000 വർഷങ്ങളേ ആയിട്ടുള്ളു. ബോസ് ഇൻഡിക്കസ് വിഭാഗത്തെ ഇന്ത്യയിലും ബോസ് ടോറസ് വിഭാഗത്തെ സിറിയ, ഇറാഖ് തുടങ്ങിയ സ്ഥലങ്ങളിലും വളർത്താൻ തുടങ്ങി. വെച്ചൂർ പശു ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശു. ശരാശരി ഉയരം 87 സെന്റീമീറ്റർ. നീളം 124 സെന്റീമീറ്റർ. കോട്ടയം വെച്ചൂരാണു സ്വദേശം. തീരദേശത്തു വളർന്നുവന്ന ഏക പശു ഇനമാണിത്. പാലിന് ഔഷധമൂല്യം കൂടുതലാണ്. പ്രമേഹം, രക്തസമ്മർദം എന്നിവയ്ക്കു മരുന്നായും സേവിക്കാറുണ്ട്.

ഇളംചുവപ്പ്, വെള്ള, കറുപ്പ്, ചാര നിറങ്ങളിൽ കാണപ്പെടുന്നു. 1960 വരെ കേരളത്തിലെ വീടുകളിൽ വ്യാപകമായി വളർത്തിയിരുന്നു. സങ്കര ഇനങ്ങൾ വന്നതോടെ ഏതാണ്ട് ഇല്ലാതായി. ഇന്ന് ആകെ 200 നടുത്ത് പശുക്കളേയുള്ളു. ഇതിൽ 100 എണ്ണം വെറ്ററിനറി സർവകലാശാലയിലാണ്.