കൊട്ടിയൂർ പീഡനം: ആശുപത്രിക്കാരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

ന്യൂഡൽഹി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ചതു സംബന്ധിച്ച കേസിൽ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ സിസ്റ്റർ ഡോ. ടെസി ജോസ്, ഡോ. ഹൈദർ അലി, അഡ്മിനിസ്ട്രേറ്റർ‍ സിസ്റ്റർ ആൻസി മാത്യു എന്നിവരെ പ്രതിപ്പട്ടികയിൽനിന്ന് സുപ്രീം കോടതി ഒഴിവാക്കി. എന്നാൽ, പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന വയനാട് ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ ഫാ. തോമസ് ജോസ് തേരകം, സമിതി അംഗം സിസ്റ്റർ ബെറ്റി ജോസഫ് എന്നിവരുടെ ഹർജി ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് തള്ളി. ഫാ. തോമസ് ജോസും സിസ്റ്റർ ബെറ്റിയും വിചാരണ നേരിടണം.

പെൺകുട്ടിയെ പ്രസവശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിന്റെ പേരിൽ ഡോക്ടർമാരും അഡ്മിനിസ്ട്രേറ്ററും നിയമനടപടി നേരിടണമെന്ന സർക്കാർ നിലപാട് അംഗീകരിച്ചാൽ ഡോക്ടർമാർ ഭീതിയില്ലാതെ ചികിൽസ നൽകുന്ന സ്ഥിതി ഇല്ലാതാകുമെന്നു കോടതി വാക്കാൽ പറഞ്ഞു. തലശ്ശേരിയിലെ പ്രത്യേക പോക്സോ കോടതിയിൽ ഇന്നലെ കേസിന്റെ വിചാരണ തുടങ്ങുന്നതു കണക്കിലെടുത്ത് ഹർജികളിലെ തീരുമാനം മാത്രമാണ് കോടതി വ്യക്തമാക്കിയത്. കാരണങ്ങൾ പിന്നീടു വിശദീകരിക്കും.

അഞ്ചു പേരെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്നാണു സംസ്ഥാന സർക്കാർ വാദിച്ചത്. പെൺകുട്ടിയെ പ്രസവശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിലുൾപ്പെടെ ഗൂഢാലോചനയുണ്ടെന്നും വാദമുന്നയിക്കപ്പെട്ടു. എന്നാൽ, ആശുപത്രിയിൽ പെൺകുട്ടിക്കൊപ്പമെത്തിയ അമ്മ പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ച് ശുശ്രൂഷ ലഭ്യമാക്കുകയല്ലാതെ പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഡോക്ടർമാർക്കും ആശുപത്രി നടത്തിപ്പുകാർക്കും സാധിക്കില്ലായിരുന്നുവെന്ന് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്കുവേണ്ടി ഹാജരായ ആർ.ബസന്തും രാഗേന്ദ് ബസന്തും വാദിച്ചു. ഇത് കോടതി അംഗീകരിച്ചു.

ഫാ.തോമസ് ജോസിനും സിസ്റ്റർ ബെറ്റിക്കും വേണ്ടി ഹർഷ്‌വീർ പ്രതാപ് ശർമയും സംസ്ഥാന സർക്കാരിനുവേണ്ടി കെ.എൻ. ബാലഗോപാലും സ്റ്റാൻഡിങ് കൗൺസൽ വിപിൻ നായരും ഹാജരായി. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് അഞ്ചു പേരും സുപ്രീം കോടതിയെ സമീപിച്ചത്.