രാഷ്ട്രപതിക്കു സ്നേഹോഷ്മള വരവേൽപ്

സാദരം...സ്വാഗതം: കേരള സന്ദർശനത്തിനായി തിരുവനന്തപുരത്തു വിമാനമിറങ്ങിയ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെയും പത്നി സവിതയെയും ഗവർണർ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിക്കുന്നു. ഗവർണറുടെ പത്നി സരസ്വതിയും മുഖ്യമന്ത്രിയുടെ പത്നി കമലയും സമീപം. ചിത്രം: മനോരമ.

തിരുവനന്തപുരം∙ രാഷ്ട്രപതി റാംനാഥ് കോവിന്ദിനു കേരളത്തിന്റെ സ്നേഹോഷ്മള വരവേൽപ്. പ്രത്യേക വിമാനത്തിൽ ഇന്നലെ വൈകിട്ട് 4.30ന് എത്തിയ രാഷ്ട്രപതിയെയും ഭാര്യ സവിതാ കോവിന്ദിനെയും ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഗവർണറുടെ പത്നി സരസ്വതിയും മുഖ്യമന്ത്രിയുടെ പത്നി കമലയും ഒപ്പമുണ്ടായിരുന്നു.

ഗവർ‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ വിശ്രമിക്കുന്ന രാഷ്ട്രപതി ഇന്നു രാവിലെ 11നു നിയമസഭാ സമുച്ചയത്തിൽ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങായ ‘ഫെസ്റ്റിവൽ ഓൺ ഡെമോക്രസി’ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30നു പ്രത്യേക വിമാനത്തിൽ കൊച്ചിയിലേക്കു പോകും. നാളെ രാവിലെ ഒൻപതിനു ബോൾഗാട്ടി പാലസിൽ രാഷ്ട്രപതി ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മറ്റു ജഡ്ജിമാർ എന്നിവരുമായി പ്രാതൽ കൂടിക്കാഴ്ച നടത്തും. 11നു തൃശൂർ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. പിന്നീടു ഗുരുവായൂരിലും മമ്മിയൂർ ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം തിരികെ കൊച്ചിയിലെത്തി 2.45നു പ്രത്യേക വിമാനത്തിൽ ഡൽഹിക്കു മടങ്ങും.