അഭിനേതാക്കൾ ആദരിക്കപ്പെടുന്ന ചടങ്ങിൽ പങ്കെടുക്കുക എന്റെ അവകാശം: മോഹൻലാൽ

മോഹനം, അഭിനയത്തിന്റെ ഇന്ദ്രജാലം: മികച്ച നടീനടന്മാർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തിരുവനന്തപുരത്തെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങിയ പാർവതിയും ഇന്ദ്രൻസും മോഹൻലാലിനൊപ്പം. മന്ത്രിമാരായ എ.കെ.ബാലനും കടകംപള്ളി സുരേന്ദ്രനും സമീപം. ചിത്രം: മനോരമ

തിരുവനന്തപുരം∙ചലച്ചിത്ര പ്രവർത്തകർ ആദരിപ്പിക്കപ്പെടുന്ന ചടങ്ങിലേക്കു വിളിക്കാതെ തന്നെ വരാനുള്ള അവകാശം തനിക്കുണ്ടെന്നു നടൻ മോഹൻലാൽ. സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മോഹൻലാൽ, തന്നെ ഇതിനായി ക്ഷണിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കു പ്രസംഗത്തിലൂടെ മറുപടി നൽകുകയായിരുന്നു.

‘‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട മണ്ണിലാണ് ഈ ചടങ്ങു നടക്കുന്നത്. ഞാൻ കളിച്ചു പഠിച്ചു നടന്ന മണ്ണാണ് തിരുവനന്തപുരത്തിന്റേത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ചെലവഴിച്ചത് ഇവിടെയാണ്. അച്ഛൻ ഓഫിസ് ഫയലുകളും പിടിച്ച് ആയുഷ്കാലം നടന്നതു തലസ്ഥാനത്തെ നഗരവഴികളിലൂടെയാണ്. അമ്മ ക്ഷേത്രങ്ങളിലേക്കു പോയിരുന്നതും ഇതിലൂടെ തന്നെ. അച്ഛനും സഹോദരനും ‍ഞങ്ങളെ വേർപിരിഞ്ഞു പഞ്ചഭൂതങ്ങളിൽ ലയിച്ചതും ഈ ദേശത്തു വച്ചാണ്. വിവാഹം നടന്നതും മക്കൾക്കു മലയാളത്തിന്റെ മധുരം പകർന്നതും തിരുവനന്തപുരത്താണ്. ഒരുനാൾ അപ്രതീക്ഷിതമായി എന്റെ മുഖത്ത് ക്ലാപ് അടിച്ചതും ഇവിടത്തെ ഒരു നാട്ടുവഴിയിൽ വച്ചാണ്. അങ്ങനെയുള്ള ഒരിടത്തു വച്ച് എന്റെ സഹപ്രവർത്തരെ ആദരിക്കുന്ന ചടങ്ങിൽ പങ്കുകൊള്ളാൻ വരുന്നതിന് ആരുടെയും അനുവാദം വേണ്ട’’– മോഹൻലാൽ പറഞ്ഞു.

കഴിഞ്ഞ 40 വർഷത്തിലേറെയായി നിങ്ങൾക്കിടയിൽ കഴിയുന്നു. ഒരിക്കലും സിനിമയെ വിട്ടു സുരക്ഷിത ജീവിതം തേടി പോയിട്ടില്ല. സിനിമയിലെ ഓരോ സഹപ്രവർത്തകനും ആദരിക്കപ്പെടുന്നതിൽ അഭിമാനമാണുള്ളത്. ആ ഒത്തുചേരലിൽ പങ്കുകൊള്ളുക കടമയും അഭിമാനവും അവകാശവുമാണ്. സിനിമയിൽ ഒരു നാൾ എനിക്കു തിരശീല വീഴുമെന്നറിയാം. അതുവരെ പ്രേക്ഷക മനസ്സിൽ ഇരിപ്പിടമുണ്ടാകും. അവാർഡ് കിട്ടിയവരോട് അസൂയ തോന്നിയിട്ടില്ല. മറിച്ച് അവരോളം അഭിനയിക്കാനായില്ലല്ലോ എന്നാണു തോന്നാറ്. ആ പുരസ്കാരങ്ങൾ എനിക്കും പ്രചോദനമാണ്– ലാൽ പറഞ്ഞു. അതേസമയം ലാലിനെതിരെ ഒപ്പിട്ടവർ എവിടെപ്പോയെന്ന ചോദ്യവുമായി ഒരു സംഘം ആരാധകർ ചടങ്ങുനടക്കുന്ന നിശാഗന്ധിയുടെ പുറത്തു മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു.