കസേര മാറാതെ ഇപി; ശൈലി മാറുമോ?

കണ്ണൂർ∙ നായനാർ അക്കാദമിക്കായി സിപിഎം ഫണ്ട് പിരിക്കുന്നതിനെ വിമർശിച്ച മാധ്യമങ്ങളോട് ഒരിക്കൽ ഇ.പി.ജയരാജൻ പറഞ്ഞു: പാറയിലേക്കാണു നിങ്ങൾ കല്ലെടുത്തെറിയുന്നത്. കല്ലു തെറിച്ചുപോകുമെന്നല്ലാതെ ഒന്നും സംഭവിക്കില്ല.

താനുൾപ്പെട്ട വിവാദത്തിൽ പാർട്ടിക്കു കല്ലേറു കൊള്ളാതെ നോക്കാൻ പാറ പോലെ ഉറച്ചുനിന്നതിനാണ് അർഹതപ്പെട്ട മന്ത്രിസ്ഥാനം വീണ്ടും ഇ.പി.ജയരാജനെ തേടിയെത്തുന്നത്. അരനൂറ്റാണ്ടിന്റെ പാർട്ടി പ്രവർത്തനത്തിനിടയിൽ പാർട്ടിയെ ലക്ഷ്യമാക്കി വന്ന കല്ലുകൾ പലതും മുൻപിൽനിന്ന് സ്വയമേറ്റുവാങ്ങിയിട്ടുണ്ട് ഇപി. പാർട്ടി കോൺഗ്രസ് കഴിഞ്ഞു ട്രെയിനിൽ മടങ്ങുമ്പോൾ ആന്ധ്രയിൽ വെടിയേറ്റത് അതിലൊന്നു മാത്രം.

കഴുത്തിലെ വെടിയുണ്ടകളെക്കുറിച്ച് അടുത്തകാലം വരെ പ്രസംഗിക്കുമായിരുന്നു ഇപി. എതിരാളികൾ പരിഹസിച്ചുതുടങ്ങിയപ്പോൾ വെടിയുണ്ട പരാമർശം ഇപി നിർത്തി. പാർട്ടിക്കുവേണ്ടി പേറുന്ന കല്ലല്ലേ, പറഞ്ഞുനടക്കേണ്ടെന്നു കരുതിക്കാണണം. പിരിച്ച മീശയും കനത്ത ശബ്ദവും കാർക്കശ്യത്തിന്റെ അടയാളങ്ങളാണെങ്കിൽ ഇ.പി.ജയരാജനും കാർക്കശ്യക്കാരൻ തന്നെയാണ്. ഇപി തൊടുന്നതെന്തും വിവാദവുമാകുന്നത് അതുകൊണ്ടുകൂടിയാണ്.

കമ്യൂണിസ്റ്റുകാർക്കു കട്ടൻചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞെന്ന് ഇപി പറഞ്ഞത് ഇന്നിന്റെ രാഷ്ട്രീയമാണ്. പക്ഷേ, പറഞ്ഞത് ഇപിയായതിനാൽ വിവാദമായി. ബന്ധുനിയമന വിവാദം ചൂടുപിടിച്ചതും അപ്പുറത്ത് ഇപിയായതുകൊണ്ടു തന്നെ. കടിച്ചുതൂങ്ങാൻ നിൽക്കാതെ രാജിവച്ചൊഴിഞ്ഞ് അവിടെയും ഇപി വ്യത്യസ്തനായി. രാഷ്ട്രീയത്തിൽ എം.വി.രാഘവനാണു ഗുരു. ഗുരുമുഖത്തുനിന്നു നന്നായി പഠിച്ചതുകൊണ്ടാകാം ഗുരുവിന്റെ ഗുണങ്ങൾ ചിലത് അതേപടി പകർന്നുകിട്ടി. നെഞ്ചുവിരിച്ചുള്ള നടപ്പിലും കുറിക്കുകൊള്ളുന്ന പ്രസംഗത്തിലുമെല്ലാം ഒരു എംവിആർ ശൈലിയുണ്ട്.

കൂസലില്ലായ്മയാണു സ്വതവേയുള്ള ഭാവം. അടുത്തകാലത്ത് സിപിഎമ്മിൽ ഇത്രയും തെറ്റിദ്ധരിക്കപ്പെട്ട നേതാവില്ലെന്ന് ഇപിയെക്കുറിച്ച് അടുപ്പക്കാർ പറയും. തനിക്കെതിരായ ആരോപണങ്ങൾക്ക് ഇപി മറുപടി പറയാറില്ല. എന്നാൽ, പാർട്ടിയെയാണു ലക്ഷ്യമിടുന്നതെങ്കിൽ ഏതറ്റംവരെയും പോകും.

കാലങ്ങളായി കർഷകരുടെയും കച്ചവടക്കാരുടെയും നേതാവാണ് ഇപി. അതുകൊണ്ട് അടിസ്ഥാന വർഗത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് സ്റ്റഡി ക്ലാസ് ആവശ്യമില്ല. 142 ദിവസമാണ് ആദ്യ ഊഴത്തിൽ വ്യവസായ മന്ത്രിക്കസേരയിലിരുന്നത്. രണ്ടാമൂഴത്തിലും അതേ കസേര തന്നെയെന്നുറപ്പായി. കസേര ഇളകാതിരിക്കാൻ ഇപി ശൈലി മാറ്റുമെന്ന് ആരും കരുതുന്നില്ല.

ഇ.പി.ജയരാജന്റെ മടങ്ങിവരവോടെ മന്ത്രിസഭയിൽ കണ്ണൂരിനു മുഖ്യമന്ത്രിയുൾപ്പെടെ നാലു പേരായി. തിരിച്ചുവന്നത് ഇ.പി. ജയരാജനായതിനാൽ എണ്ണം മാത്രമല്ല, മന്ത്രിസഭയിലെ തലയെടുപ്പും കണ്ണൂരിനു സ്വന്തം.