Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിൽ ജലനിരപ്പ് താഴുന്നു; ആശങ്കയുടെ ഷട്ടറുകൾ തുറന്നുതന്നെ

THadiyampadu-chappath ജലനിരപ്പ് ഉയർന്നതിനെതുടർന്ന് ഇടുക്കി തടിയമ്പാട് ചപ്പാത്തിനു മുകളിലൂടെ നിറഞ്ഞൊഴുകുന്ന പെരിയാർ.

ചെറുതോണി (ഇടുക്കി)∙ പെരിയാറിന്റെ തീരത്തു താമസിക്കുന്നവർക്ക് ആശ്വാസം പകർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു താഴുന്നു. ഇന്നലെ മണിക്കൂറിൽ ശരാശരി 0.05 അടി എന്ന തോതിലാണ് ജലനിരപ്പു താഴ്ന്നത്. 2400.18 അടിയാണ് ഇന്നലെ രാത്രി ഒൻപതിനു ജലനിരപ്പ്.  14 വരെ തീവ്രമഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. 

ഉയർത്തിയ അഞ്ചു ഷട്ടറുകൾ ഉടൻ താഴ്ത്തേണ്ടെന്നാണു കെഎസ്ഇബിയുടെ തീരുമാനം. തുലാവർഷം കണക്കിലെടുത്തു ജലനിരപ്പ് ക്രമീകരിക്കേണ്ടതുകൂടി പരിഗണിച്ചാണിത്. മധ്യഭാഗത്തെ മൂന്നു ഷട്ടറുകൾ 1.8 മീറ്റർ വീതവും ഇരുവശങ്ങളിലെയും രണ്ടു ഷട്ടറുകൾ ഓരോ മീറ്റർ വീതവുമാണു തുറന്നത്. ജലനിരപ്പ് 2399 അടിയിലേക്കു താഴുംവരെ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കേണ്ടതില്ലെന്നാണു ധാരണ.

2403 അടിയാണു പരമാവധി സംഭരണശേഷി. ഇടുക്കി അണക്കെട്ടിലെ വെള്ളം ഉപയോഗിച്ചു പ്രവർത്തിക്കുന്ന മൂലമറ്റം വൈദ്യുത നിലയത്തിൽ അഞ്ചു ജനറേറ്ററുകൾ പൂർണ ഉൽപാദനശേഷിക്കടുത്തു പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ ശരാശരി 4.76 – 5.80 ലക്ഷം ലീറ്റർ വെള്ളമാണു സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 7.50 ലക്ഷം ലീറ്റർ വെള്ളമാണു സെക്കൻഡ് തോറും പുറത്തേക്കൊഴുക്കുന്നത്. തീരങ്ങളിലുള്ളവർ ആശങ്കപ്പെടേണ്ടതില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും കെഎസ്ഇബി ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. 

അണക്കെട്ടു മേഖലയിൽ ഇന്നലെ ഉച്ചവരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും രണ്ടോടെ ഇടവിട്ടു ശക്തമായ മഴ പെയ്തു. വൈകിട്ടും മഴ പെയ്തു. ചെറുതോണി പാലത്തിനു മുകളിലൂടെയാണു വെള്ളം ഇപ്പോഴും ഒഴുകുന്നത്. ചെറുതോണി ബസ്‌ സ്റ്റാൻഡും പരിസരവും ഭാഗികമായി വെള്ളത്തിനടിയിലാണ്.

related stories