പ്രിവന്റിവ് ഓഫിസർമാർക്ക് കേസെടുക്കാൻ അധികാരമില്ല

കൊച്ചി ∙ അബ്കാരി കുറ്റങ്ങൾ കണ്ടെത്താൻ മാത്രം അധികാരപ്പെട്ട എക്സൈസ് പ്രിവന്റിവ് ഓഫിസർമാർക്കു കേസ് റജിസ്റ്റർ ചെയ്യാനോ അന്വേഷിക്കാനോ അന്തിമ റിപ്പോർട്ട് നൽകാനോ അധികാരമില്ലെന്നു ഹൈക്കോടതി. പ്രിവന്റിവ് ഓഫിസർമാർക്ക് എക്സൈസ് ഇൻസ്പെക്ടർമാരുടെ ജോലി ചെയ്യാൻ നിയമപ്രകാരം സർക്കാരിന്റെ ആധികാരിക വിജ്ഞാപനം ആവശ്യമാണ്. എക്സൈസ് ഇൻസ്പെക്ടറുടെ ചുമതല നൽകിയിട്ടുമാത്രം കാര്യമില്ലെന്നു കോടതി വ്യക്തമാക്കി. 

അബ്കാരി കേസിൽ പ്രതിയായ തലപ്പിള്ളി സ്വദേശി മണികണ്ഠനു തൃശൂർ അഡീ. ജില്ലാക്കോടതി നൽകിയ ശിക്ഷ റദ്ദാക്കിക്കൊണ്ടാണു ജസ്റ്റിസ് പി. ഉബൈദിന്റെ ഉത്തരവ്. പ്രിവന്റിവ് ഓഫിസർ കണ്ടെത്തിയ കുറ്റത്തിൽ കേസെടുത്തതു മറ്റൊരു പ്രിവന്റിവ് ഓഫിസറാണെന്നു കോടതി ചൂണ്ടിക്കാട്ടി. അധികാരമില്ലാത്ത എക്സൈസ് ഉദ്യോഗസ്ഥൻ റജിസ്റ്റർ ചെയ്തതിനാൽ പ്രതിയെ വിട്ടയയ്ക്കുന്നു. സാംപിൾ മുദ്രവച്ച സീലിന്റെ കാര്യത്തിലും അവ്യക്തതയുണ്ടെന്നു കോടതി വ്യക്തമാക്കി.