അതിഥിമന്ദിരം രൂപതയുടേത്; അവിടെ താമസിച്ചതിൽ അപാകതയില്ല: ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ

ജലന്തർ/കോട്ടയം ∙ ജലന്തർ രൂപതയുടെ കീഴിലുള്ള മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിനു സമീപത്തു സ്ഥിതിചെയ്യുന്ന അതിഥിമന്ദിരത്തിൽ താൻ താമസിച്ചതിൽ അപാകതയില്ലെന്നും അത് രൂപതയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേരള പൊലീസ് സംഘത്തിനു മൊഴി നൽകിയതായി സൂചന. തനിക്കു മുമ്പുള്ള ബിഷപ്പുമാരും ഇവിടെ താമസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പല ആവശ്യങ്ങൾക്കായി പലവട്ടം കേരളത്തിൽ വന്നിട്ടുണ്ടെന്നും ബിഷപ് സമ്മതിച്ചു.

പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം അവരുടെ ബന്ധുവിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയെന്ന മൊഴി ബിഷപ് നിഷേധിച്ചു. തന്റെ ഡ്രൈവറെ കന്യാസ്ത്രീയുടെ ബന്ധു ഭീഷണിപ്പെടുത്തി. 35 പേജുള്ള മൊഴിയാണു വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. കേരളത്തിലെ മഠത്തിൽ പീഡിപ്പിച്ചുവെന്നു കന്യാസ്ത്രീ പറയുന്ന ദിവസങ്ങളിൽ അവിടെ തങ്ങിയിട്ടില്ല എന്നാണു ബിഷപ്പിന്റെ മൊഴി. ഇതിലെ പൊരുത്തക്കേടു നീക്കാൻ ശാസ്ത്രീയ തെളിവടുപ്പു വേണ്ടിവരും.

ബിഷപ്പിന്റെ മൊഴി, മറ്റു വൈദികരുടെ മൊഴി, അവിടെനിന്നു ശേഖരിച്ച രേഖകൾ എന്നിവ പരിശോധിച്ചശേഷം കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുത്തേക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതി നിഷേധിച്ച ബിഷപ്, കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി എടുത്തതിലെ പ്രതികാരം മൂലമാണു കേസ് കൊടുത്തതെന്നും മൊഴി നൽകി. തിങ്കളാഴ്ച വൈകിട്ട് എട്ടുമണിയോടെ ആരംഭിച്ച മൊഴിയെടുക്കൽ ചൊവ്വാഴ്ച രാവിലെ നാലുമണിക്കാണ് അവസാനിച്ചത്.

ബിഷപ്പിനെ ചോദ്യംചെയ്തശേഷം അന്വേഷണസംഘം ഇന്നു കോട്ടയത്തു തിരിച്ചെത്തും. ശേഖരിച്ച തെളിവുകൾ സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറും അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ.സുഭാഷും ഇന്നു വൈകിട്ടു ചർച്ച നടത്തും. നാളെ റേഞ്ച് ഐജി വിജയ് സാക്കറെ കോട്ടയത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തും. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായി തെളിവുകൾ ചർച്ചചെയ്തശേഷം അറസ്റ്റ് അടക്കമുള്ള തുടർനടപടി സ്വീകരിക്കും.

കുറ്റമറ്റ രീതിയിൽ തെളിവെടുപ്പ് പൂർത്തിയാക്കിയശേഷമേ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കൂവെന്നു ഡിജിപി വ്യക്തമാക്കിയിട്ടുമുണ്ട്. ബിഷപ്പിന്റെ മൊബൈൽ ഫോൺ അടക്കമുള്ള ചില ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബിഷപ്പിനെ തിങ്കളാഴ്ചതന്നെ അറസ്റ്റ് ചെയ്യുമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചുവെങ്കിലും പിന്നീട് നിലപാടു മാറ്റിയിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

ജലന്തറിലെ മിഷണറീസ് ഓഫ് ജീസസ് കോൺവെന്റിലെ കന്യാസ്ത്രീകളിൽനിന്നും ബിഷപ് ഹൗസിലെ രണ്ടു വൈദികരിൽനിന്നും പൊലീസ് തെളിവെടുത്തിരുന്നു. ‘ഇടയനൊപ്പം ഒരു ദിവസം’ എന്ന പേരിൽ ബിഷപ് കന്യാസ്ത്രീകൾക്കായി നടത്തിയ പ്രാർഥനായജ്ഞത്തെക്കുറിച്ചു പൊലീസ് വിശദമായ തെളിവെടുപ്പു നടത്തിയിട്ടുണ്ട്. ഈ പരിപാടി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ചോദ്യംചെയ്യലിനോടു ബിഷപ് പൂർണമായി സഹകരിച്ചുവെന്നു പൊലീസ് സംഘം സൂചിപ്പിക്കുന്നു. തിങ്കളാഴ്ച രാത്രി ബിഷപ് ജലന്തറിലെ ആസ്ഥാനത്തെത്തിയപ്പോൾ തങ്ങളെ മർദിക്കുകയും ക്യാമറകൾക്കു കേടുവരുത്തുകയും ചെയ്തതിനെതിരെ മാധ്യമപ്രവർത്തകർ ജലന്തർ പൊലീസിനു പരാതി നൽകി.