Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ടി ‘വെള്ളത്തിലാകില്ല’ ഇവ ശ്രദ്ധിച്ചാൽ

car

പ്രളയദുരിതം കടന്നു തിരികെ വീടുകളിലേക്കെത്തുമ്പോൾ, വെള്ളക്കെട്ടിൽ അകപ്പെട്ട വാഹനങ്ങളുടെ കാര്യത്തിൽ ആശങ്ക വേണ്ട. വാഹനം വെള്ളത്തിൽ പൂർണമായും മുങ്ങിയിട്ടുണ്ടെങ്കിലും നന്നാക്കിയെടുക്കാൻ സാധിക്കും. അതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ടയറിന്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയാണ് വാഹനത്തിന്റെ കിടപ്പെങ്കിൽ, എൻജിനെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പിക്കാം. എൻജിൻ ഓയിൽ ഡിപ്സ്റ്റിക് ഊരിയെടുത്ത് അതിൽ ജലാംശമുണ്ടോ എന്ന് ആദ്യം പരിശോധിക്കുക. എയർ ഫിൽറ്ററിന്റെ പരിസരത്തും വെള്ളമുണ്ടെങ്കിൽ, എൻജിനെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം.

വാഹനം വെള്ളത്തിൽ നിന്നുപോയാലോ, അകപ്പെട്ടാലോ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ എൻജിനിലേക്ക് വായു വലിച്ചെടുക്കുന്ന ഇൻടേക്ക് സംവിധാനം വഴി വെള്ളം കയറുകയും എൻജിൻ തകരാറിലാകുകയും ചെയ്യും. ആദ്യം ചെയ്യേണ്ടത് വാഹനം തള്ളി വെള്ളമില്ലാത്ത ഇടത്തേക്കു മാറ്റുകയാണ്. എത്രയും വേഗം സർവീസ് സെന്ററിൽ വിവരം അറിയിക്കുക. 

ഓരോ കമ്പനിയുടെയും എൻജിൻ ഡിസൈൻ അനുസരിച്ച് ഇൻടേക്ക് സംവിധാനം വ്യത്യസ്ത ഉയരത്തിലായിരിക്കും. അതിനാൽ, വെള്ളത്തിൽ മുങ്ങിയ മറ്റൊരു വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറിയിട്ടില്ലെങ്കിലും അതിനു തൊട്ടുപിന്നിൽ പോകുന്ന നിങ്ങളുടെ വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറാം.

വെള്ളത്തിലൂടെ വാഹനം ഇനി മുന്നോട്ടുപോകില്ലെന്ന് ഉറപ്പാവുകയും വാഹനം ഓൺ ആയിരിക്കുകയും ചെയ്യുന്ന അവസ്ഥയിലും ആദ്യം എൻജിൻ ഓഫ് ആക്കുക. എന്നാൽ, വാഹനം തള്ളി മറ്റൊരിടത്തേക്കു നീക്കിനിർത്തി വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. വർക്‌ഷോപ്പിൽ എത്തിച്ച് സ്പാർക്ക് പ്ലഗും എയർ ഫിൽറ്ററും പരിശോധിച്ച് എൻജിൻ തകരാർ (ഹൈഡ്രോ സ്റ്റാറ്റിക് എൻജിൻ ലോക്ക്) ഇല്ലെന്ന് ഉറപ്പാക്കണം.

വെള്ളത്തിൽ കിടന്ന വാഹനത്തിന്റെ എൻ‌ജിന് ഒപ്പം വെള്ളം കയറിയിട്ടില്ലെന്നു തോന്നിയാലും വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. എന്തെങ്കിലും കാരണവശാൽ എൻജിൻ ഓൺ ആയാൽ തന്നെ, വെള്ളം കയറിയിട്ടുണ്ടെങ്കിൽ ആക്സിലറേറ്റർ ചവിട്ടുമ്പോൾ എൻജിൻ പൊട്ടിത്തെറിക്കാൻവരെ സാധ്യതയുണ്ട്. സർവീസ് സെന്ററിൽ എത്തിച്ച് സ്പാർക്ക് പ്ലഗ് അഴിച്ച് എൻജിൻ കറങ്ങുന്നുണ്ടോ എന്നു പരിശോധിക്കുക. എയർ ഫിൽറ്റർ, ഇൻടേക്ക് മെനു ഫോൾഡ് എന്നിവ പരിശോധിച്ച് ആവശ്യമെങ്കിൽ എൻജിൻ ഓയിൽ മാറ്റി മാത്രം, വാഹനം വീണ്ടും ഉപയോഗിക്കുക.

ശ്രദ്ധിക്കുക, വെള്ളം കയറിയ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ച് കാർ തകരാറിലായാൽ ഇൻഷുറൻസ് ലഭിക്കുകയില്ല. അതു മറച്ചുവച്ചാൽ തന്നെ, നിങ്ങൾ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് സാങ്കേതിക പരിശോധനയിൽ അവർക്ക് അറിയാനും സാധിക്കും.

വാഹനം ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ അത് ‘പാക്കേജ് പോളിസി’ അഥവാ ‘ഫുൾ കവർ’ ഇൻഷുറൻസ് ആയിരിക്കണം. വാഹനം വെള്ളം കയറി കേടുവരിക, വാഹനത്തിന്മേൽ വീട്, മരങ്ങൾ തുടങ്ങിയവ വീണു നാശനഷ്ടങ്ങൾ സംഭവിക്കുക, വാഹനങ്ങൾ ഒഴുകിപ്പോകുക എന്നീ സാഹചര്യങ്ങൾ പ്രളയത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിയുന്നതും വാഹനത്തിനു നാശനഷ്ടം സംഭവിച്ചതിന്റെ ഫോട്ടോ മൊബൈലിൽ എടുത്തുവയ്ക്കുന്നതു നന്നായിരിക്കും.

നഷ്ടം ക്ലെയിം ചെയ്യാനായി ഇൻഷുറൻസ് കമ്പനിയെ രേഖാമൂലം അറിയിക്കണം. അഥവാ, പോളിസി നഷ്ടപ്പെട്ട അവസ്ഥയാണെങ്കിൽ പേരും വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പറും ഇൻഷുറൻസ് കമ്പനിയെ അറിയിച്ചാൽ ബാക്കി കാര്യങ്ങൾ കണ്ടെത്താനാകും.

related stories