മന്ത്രി രാജുവിനു പരസ്യശാസന

തിരുവനന്തപുരം∙ പ്രളയകാലത്തു ജർമനി സന്ദർശിക്കാൻ പോയ മന്ത്രി കെ.രാജുവിനെ പരസ്യമായി ശാസിക്കാൻ സിപിഐ സംസ്ഥാന നിർവാഹക സമിതി തീരുമാനം. മന്ത്രിയുടെ നടപടി അനുചിതമായെന്നും അദ്ദേഹം ഔചിത്യം കാണിച്ചില്ലെന്നും യോഗം വിലയിരുത്തി. മേലിൽ ഔദ്യോഗിക പരിപാടികൾക്കല്ലാതെ പാർട്ടി മന്ത്രിമാർ വിദേശത്തു പോകുന്നതു വിലക്കാനും തീരുമാനിച്ചു.

വിദേശത്തു പോകുന്നതിനുള്ള എല്ലാ അനുമതിയും രാജു നേടിയിരുന്നു. എന്നാൽ അതെല്ലാം സംസ്ഥാനം പ്രളയക്കെടുതി നേരിടുന്നതിനു മുമ്പായിരുന്നു. യാത്ര പുറപ്പെടുമ്പോഴുള്ള സാഹചര്യം കൂടി കണക്കിലെടുത്തു വേണമായിരുന്നു മന്ത്രി തീരുമാനമെടുക്കാൻ. ഇക്കാര്യത്തിൽ മന്ത്രിക്കു വീഴ്ച പറ്റിയെന്നായിരുന്നു നിർവാഹക സമിതിയുടെ പൊതുവികാരം.

മന്ത്രിയുടെ വിശദീകരണത്തിൽ എന്തെല്ലാം ന്യായങ്ങളുണ്ടെങ്കിലും അത് അംഗീകരിക്കാനാവില്ലെന്ന നിഗമനത്തിലാണു യോഗം എത്തിയത്. അവിടെ അദ്ദേഹത്തെ ന്യായീകരിക്കാൻ ആരും തുനിഞ്ഞില്ല. കൂടുതൽ കടുത്ത നടപടി വേണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചു. ചീഫ് വിപ് പദവി സ്വീകരിക്കണോ എന്ന കാര്യം യോഗത്തിന്റെ കാര്യപരിപാടിയിൽ ഉണ്ടായിരുന്നില്ലെന്നു പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അടുത്ത നിർവാഹക സമിതിയിലും കൗൺസിലിലും ഇതു ചർച്ച ചെയ്യുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.