മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും കേരളത്തെ സഹായിക്കണം: മഹാരാഷ്ട്ര

മുംബൈ ∙ കേരളത്തിന്റെ കണ്ണീരൊപ്പാൻ പ്രയത്നം തുടർന്ന് മഹാരാഷ്ട്ര സർക്കാർ. മന്ത്രിമാരും സർക്കാർ ജീവനക്കാരും ഒരു ദിവസത്തെ ശമ്പളം കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനു നൽകണമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉത്തരവിറക്കി. തയാറല്ലാത്തവർ രേഖാമൂലം അറിയിക്കണം. നേരത്തേ മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച 20 കോടി രൂപയ്ക്കു പുറമെയാണിത്. ഫഡ്‌നാവിസ് തുറന്ന പ്രത്യേക ദുരിതാശ്വാസ നിധിയിലേക്കും സഹായപ്രവാഹം തുടരുകയാണ്.

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ ആദ്യം ആഹ്വാനം ചെയ്ത ഫഡ്നാവിസ് പിന്നീട് പ്രത്യേക ദുരിതാശ്വാസ നിധി തന്നെ തുറന്നു മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുകയായിരുന്നു. മഹാരാഷ്ട്ര ആർടിസി ജീവനക്കാരുടെ 10 കോടി രൂപ ഉൾപ്പെടെ ഈ പദ്ധതിയിലേക്ക് സഹായം ഒഴുകുകയാണ്. അതിനിടെ, മഹാരാഷ്ട്ര സർക്കാർ 50 മെട്രിക് ടൺ പരിപ്പ് കേരളത്തിലേക്ക് അയച്ചു. പ്രളയദുരിത മേഖലകളിൽ വൈദ്യസഹായം നൽകാൻ പോയ സംസ്ഥാന മെഡിക്കൽ ടീം തിരിച്ചെത്തിയതായും അറിയിച്ചു.