പ്രളയം മനുഷ്യനിർമിത ദുരന്തമെന്ന ആരോപണത്തിൽ കോടതി നടപടി

കൊച്ചി∙ സംസ്ഥാനത്തെ പ്രളയക്കെടുതി മനുഷ്യനിർമിത ദുരന്തമാണെന്ന് ആരോപിക്കുന്ന കത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ ഹർജി നടപടി ആരംഭിച്ചു. 400 പേരുടെ മരണവും 20,000 കോടി രൂപയുടെ നാശനഷ്ടവുമുണ്ടാക്കിയ ദുരന്തത്തിനു കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ചാലക്കുടി സ്വദേശി എൻ.ആർ. ജോസഫ് അയച്ച കത്ത് ജസ്റ്റിസ് വി. ചിദംബരേഷ് ഉചിതമായ നടപടികൾക്കായി ഹൈക്കോടതി റജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെടുത്തി.

ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണു ഹർജി നടപടി ആരംഭിച്ചത്.  സർക്കാരിനുവേണ്ടി ചീഫ് സെക്രട്ടറിയെ എതിർകക്ഷിയാക്കിയാണു നടപടികൾ. ദുരന്തം ക്ഷണിച്ചുവരുത്തുംവിധം കുറ്റകരമായ അനാസ്ഥ കാണിച്ച മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നിയമനടപടി വേണമെന്ന് കത്തിൽ പറയുന്നു. നഷ്ട പരിഹാര നടപടികൾക്കു കോടതി നിയന്ത്രണത്തോടെ നിയമപരമായ സംവിധാനം വേണമെന്നും ദുരന്തത്തിനു കാരണക്കാരായ സർക്കാരിന്റെ തീരുമാനത്തിനു വിടരുതെന്നും കത്തിൽ പറയുന്നു. 

ജൂൺ മുതൽ പെയ്ത മഴവെള്ളം നിയന്ത്രിതമായി ഒഴുക്കിവിടാതെ ഡാമുകളിൽ സംഭരിക്കുകയും പിന്നീടു 42 ഡാമുകളിലെ വെള്ളം അനിയന്ത്രിതമായി ഒഴുക്കിവിടുകയും ചെയ്തതു ദുരന്ത കാരണമായെന്നാണു കത്തിലെ ആക്ഷേപം.