മനോരമ മെഡിക്കൽ ക്യാംപ്: ചികിൽസ തേടിയവർ 15,000

പ്രളയം വലച്ച നാലു ജില്ലകളിൽ മലയാള മനോരമ ഇന്നലെ നടത്തിയ മെഡിക്കൽ ക്യാംപുകളിലായി ചികിൽസ തേടിയത് 3013 പേർ. ഇതോടെ, 23 മെഡിക്കൽ ക്യാംപുകളിലായി ചികിൽസ നേടിയവർ 15,000 കവിഞ്ഞു. വിദഗ്ധ ഡോക്ടർമാരുടെ സേവനത്തിനൊപ്പം സൗജന്യ മരുന്ന്, ആരോഗ്യ കിറ്റ് വിതരണവുമുണ്ട്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ ക്യാംപുകൾ തുടരുകയാണ്. ഇന്നത്തേത് ആലപ്പുഴ ജില്ലയിലെ തകഴിയിൽ. 

മഴക്കെടുതിയിൽ വലയുന്നവർക്കുള്ള അവശ്യവസ്തു വിതരണവും തുടരുന്നു. എറണാകുളം, വയനാട് ജില്ലകളിൽ പുനരധിവാസ കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി. മറ്റു ജില്ലകളിൽ ഓരോ മേഖലയിലെയും ആവശ്യമനുസരിച്ച് ഭക്ഷണ– വസ്ത്ര കിറ്റുകൾ എത്തിക്കുന്നു. ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, അണുനാശിനികൾ തുടങ്ങിയവ ദുരിതാശ്വാസ ക്യാംപുകളിൽ നേരത്തേ വിതരണം ചെയ്തിരുന്നു.