സ്കൂൾ കലോത്സവം: തീരുമാനം നീളുന്നു

കൊല്ലം∙ സംസ്ഥാന സ്കൂൾ കലോത്സവം ലളിതമായി നടത്തണമോ ഒഴിവാക്കണമോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. ഇക്കാര്യങ്ങൾ തീരുമാനിക്കേണ്ട ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം മോണിറ്ററിങ് കമ്മിറ്റി (ക്യുഐപി) യോഗം മന്ത്രിയുടെ തിരക്കു കാരണം നടന്നിട്ടില്ല. പുതുക്കിയ തീയതിയും നിശ്ചയിച്ചിട്ടില്ല.

പ്രളയബാധിത ജില്ലകളിലെ കുട്ടികൾക്കു മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ഇത്തരം ജില്ലകളിൽ സ്കൂൾ, ഉപജില്ലാ, ജില്ലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും പ്രയാസമുണ്ടെന്നതിനാൽ മത്സരം ഒഴിവാക്കണമെന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിനുള്ളത്. കഴിഞ്ഞതവണത്തെ സംസ്ഥാനതല വിജയികളായ കോഴിക്കോട് ജില്ല ഉൾപ്പെടെ പ്രളബാധിതമാണ്. എന്നാൽ, ഗ്രേസ് മാർക്ക് കൂടി ഉൾപ്പെട്ടിട്ടുള്ളതിനാൽ മത്സരങ്ങൾ നടത്തണമെന്ന അഭിപ്രായമാണു മറുഭാഗത്തിന്.

സംസ്ഥാനതല മത്സരവേദിയായി നിശ്ചയിച്ചിരുന്ന ആലപ്പുഴയും പ്രളയത്തിന്റെ ദുരിതങ്ങളിലാണ്. സ്കൂൾതല മത്സരങ്ങൾ ഇപ്പോൾ ആരംഭിച്ചാൽ മാത്രമേ ഉപജില്ലാ, ജില്ലാ മത്സരങ്ങൾ സമയബന്ധിതമായി നടത്താനാകൂ. സിബിഎസ്ഇ സ്കൂളുകളുടെ സംസ്ഥാനതല കലോത്സവം വേണ്ടെന്നുവച്ചിട്ടുണ്ട്.