കുടിവെള്ള പരിശോധന: സൗകര്യമൊരുക്കി ജല അതോറിറ്റി

തിരുവനന്തപുരം∙ പ്രളയബാധിത പ്രദേശങ്ങളിലെ ശുദ്ധജല സ്രോതസ്സുകളുടെ ഗുണനിലവാര പരിശോധനയ്ക്കു സൗജന്യ സൗകര്യമൊരുക്കി ജല അതോറിറ്റി. സൗജന്യ പരിശോധന 28 വരെ ലഭ്യമാകും. പ്രളയത്തെത്തുടർന്നു മിക്ക കിണറുകളിലും ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളതിനാൽ പരിശോധന അനിവാര്യമാണെന്ന് ‌അതോറിറ്റി നിർദേശിച്ചു.

പ്രളയബാധിത ജില്ലകളിലെ സ്ഥിരം ജലപരിശോധനാ ലാബുകൾക്കു പുറമേ നീരേറ്റുപുറം (കുട്ടനാട്), പരുമലപ്പള്ളി (പാണ്ടനാട്), ആറന്മുള പഞ്ചായത്ത് ഓഫിസ്, റാന്നിയിലെയും വൈക്കത്തെയും ജല അതോറിറ്റി ഓഫിസ്, ചാലക്കുടി ജല അതോറിറ്റി സബ്ഡിവിഷൻ ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന ഏഴു താൽക്കാലിക ലാബുകളിലും സൗജന്യമായി ജലപരിശോധന നടത്തും.

കോളിഫോം ബാക്ടീരിയാ സാന്നിധ്യം പരിശോധിക്കേണ്ടവർ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമായ അണുവിമുക്തമായ 50 മില്ലീലീറ്റർ കുപ്പികളിൽ 40 മില്ലീലീറ്റർ വെള്ളമാണു കൊണ്ടുവരേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്– 0484 2702278