കുട്ടനാടിനു ദാഹജലവുമായി ‘കൂടെയുണ്ട് നാട് ’

മലയാള മനോരമ ‘കൂടെയുണ്ട് നാട്’ പദ്ധതിയുടെ ഭാഗമായി കുട്ടനാട് ഇൗര കുട്ടുമ്മേൽ ദേവീക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന മെഡിക്കൽ ക്യാംപിൽനിന്ന്. ചിത്രം: മനോരമ

പ്രളയക്കെടുതികൾക്കൊപ്പം ശുദ്ധജലക്ഷാമവും നേരിടുന്ന കുട്ടനാടിനായി മലയാള മനോരമ ‘കൂടെയുണ്ട് നാട്’ പദ്ധതിയുടെ ഭാഗമായി ഇന്നുമുതൽ ബാർജുകളിൽ വെള്ളമെത്തിക്കുന്നു. നെടുമുടി, കൈനകരി പഞ്ചായത്തുകളിലെ വിവിധ ബോട്ടുജെട്ടികൾ കേന്ദ്രീകരിച്ച് ഇന്ന് 20,000 ലീറ്റർ വെള്ളം വിതരണം ചെയ്യും. നാളെ മുതൽ ബോട്ടുകളിൽ ഉൾമേഖലകളിലും വെള്ളമെത്തിക്കും.

കുട്ടനാട് മങ്കൊമ്പ് ഉപജില്ലയിലെ വിദ്യാർഥികൾക്കായി സംസ്ഥാനത്തെ ‘നല്ലപാഠം’ സ്കൂളുകൾ സമാഹരിച്ച നോട്ട്ബുക്കുകളുടെ വിതരണം ഇന്നു തെക്കേക്കര ഹൈസ്കൂളിൽ നടക്കും. ഇന്നലെ കുട്ടനാട് ഈരയിലും ഇരിങ്ങാലക്കുട പടിയൂരിലും നടന്ന മെഡിക്കൽ ക്യാംപുകളിലായി 1300 പേർ ചികിൽസ തേടി.

ഈരയിൽ കോട്ടയം കാരിത്താസ് ആശുപത്രിയും പടിയൂരിൽ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ തൃശൂർ ശാഖയുമാണു ക്യാംപുമായി സഹകരിച്ചത്. 30 ക്യാംപുകളിലായി ഇതുവരെ ചികിൽസ തേടിയത് ഇരുപതിനായിരത്തോളം പേർ. ഇന്നു കോട്ടയം ചെങ്ങളത്തും ആലപ്പുഴ മുട്ടാറിലുമാണു ക്യാംപ്; നാളെ കോട്ടയം നട്ടാശേരിയിലും പത്തനംതിട്ട ആറാട്ടുപുഴയിലും.