ട്രിപ്പ് റദ്ദാക്കൽ കെഎസ്ആർടിസി പിൻവലിച്ചു

തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു ട്രിപ്പുകൾ റദ്ദാക്കാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്നു മുഴുവൻ സർവീസുകൾക്കും വേണ്ട ഡീസൽ വാങ്ങും. ശമ്പളം നൽകാൻ ഓരോ ദിവസവും നീക്കിവയ്ക്കുന്ന തുക ഡീസലിനായി വകമാറ്റിയാണു പ്രതിസന്ധിക്കു പരിഹാരം കാണുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ഇന്ത്യൻ ഓയിലിനു കുടിശിക വർധിച്ചതോടെ കെഎസ്ആർടിസി ഡീസൽ വാങ്ങുന്നതു കുറച്ചിരുന്നു. തിരക്കില്ലാത്ത സമയങ്ങളിലെ 20% ട്രിപ്പുകളാണു റദ്ദാക്കിയത്. എന്നാൽ, ഇതിനെതിരെ യാത്രക്കാരുടെ ഭാഗത്തു നിന്നു വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണു തീരുമാനം പിൻവലിച്ചത്. അതേസമയം, ശമ്പളത്തിനു നീക്കിവയ്ക്കുന്ന തുക ഡീസലിനു നൽകുന്നതോടെ മാസാവസാനം സർക്കാർ പണം നൽകിയില്ലെങ്കിൽ ശമ്പളവിതരണം മുടങ്ങും.