‘എസ്‌വൈഎസ് സാന്ത്വനം’ പ്രളയത്തിൽ തകർന്ന 1000 വീടുകൾ നവീകരിക്കും

കോഴിക്കോട്∙ പ്രളയത്തിൽ ഭാഗികമായി തകർന്ന 1,000 വീടുകൾ നവീകരിച്ചു നൽകുമെന്നു കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസി‍ഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. സർക്കാരുമായി സഹകരിച്ചാണു വീടുകളുടെ നവീകരണം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത് എന്നിവയുടെ നേതൃത്വത്തിൽ എസ്‌വൈഎസ് സാന്ത്വനമാണു പദ്ധതി നടപ്പാക്കുക.

സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്), സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ്എംഎ), സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്ജെഎം), ഇന്ത്യൻ കൾച്ചറൽ ഫോറം (ഐസിഎഫ്), ഐപിഎഫ് (ഇന്റഗ്രേറ്റഡ് പ്രഫഷനൽസ് ഫോറം), റിലീഫ് ആൻഡ് ചാരിറ്റി ഫൗണ്ടേഷൻ ഒ‌ാഫ് ഇന്ത്യ (ആർസിഎഫ്ഐ) എന്നിവ പങ്കാളികളാകും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു രണ്ടാംഘട്ടമായി 50 ലക്ഷം കൂടി നൽകും. സ്വവർഗബന്ധം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ സുപ്രീംകോടതി വിധി പഠിച്ച ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.