നഷ്ടക്കണക്കു ശേഖരിക്കാൻ ഇനി ജിയോ ടാഗിങ്; വിവരങ്ങൾ ‘റീബിൽഡ് കേരള’ എന്ന ആൻഡ്രോയ്ഡ് ആപ്പിൽ

ആലപ്പുഴ∙ പ്രളയദുരന്തത്തിന്റെ നഷ്ടപരിഹാരം ലഭിക്കാൻ ഇനി തകർന്ന ഏതെങ്കിലും വീടിന്റെ ചിത്രം പോരാ. നഷ്ടക്കണക്കു ശേഖരിക്കാൻ ജിയോ ടാഗ് ഉൾപ്പെടെ നിബന്ധനകളേർപ്പെടുത്തി. കേരള ഐടി മിഷൻ രൂപപ്പെടുത്തിയ ‘റീബിൽഡ് കേരള’ എന്ന ആൻഡ്രോയ്ഡ് ആപ്പ് മുഖേന മാത്രമേ നാശനഷ്ടങ്ങളുടെ വിവരം സമർപ്പിക്കാൻ കഴിയൂ.

പേരിനുപോലും തകർച്ചയില്ലാത്ത വീടുകൾക്കു വൻതുക നഷ്ടപരിഹാരം ശുപാർശ ചെയ്ത വി‍വാദങ്ങളെ തുടർന്നാണു നടപടി.

തദ്ദേശസ്ഥാപന വകുപ്പുകൾ ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണു പ്രളയബാധിത പ്രദേശങ്ങളിലെ നാശനഷ്ടങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത്. വീടുകൾ ഉൾപ്പെടെ പ്രളയത്തിൽ തകർന്നവയുടെ ഫോട്ടോയും വിവരങ്ങളും അതതു സ്ഥലങ്ങളിൽ നിന്നു തന്നെ വൊളന്റിയർമാരോ ഉദ്യോഗസ്ഥരോ ആപ്പിൽ അപ്‍ലോഡ് ചെയ്യണം. വിവരത്തിനൊപ്പം ചേർക്കുന്ന വിലാസത്തിനൊപ്പം ജിപിഎസ് മുഖേന സ്ഥലം ടാഗ് ചെയ്യുകയും വേണം.

ഫോട്ടോ എടുക്കുന്ന സ്ഥലത്തു നിന്ന് അപ്‌ലോഡ് ചെയ്താൽ മാത്രമേ ജിയോ ടാഗിങ് സാധ്യമാകൂ. വിവരങ്ങൾ പൊതുമരാമത്ത് ഓവർസിയറും തുടർന്നു തദ്ദേശസ്ഥാപന സെക്രട്ടറിയും അംഗീകാരിച്ചാൽ നഷ്ടപരിഹാരം ഉൾപ്പെടെ തുടർനടപടികളിലേക്കു നീങ്ങും. ഇതുവരെ വിവിധ പ്രദേശങ്ങളിൽ നിന്നു ശേഖരിച്ച വിവരങ്ങളും ഈ ആപ്ലിക്കേഷൻ മുഖേന സമർപ്പിക്കേണ്ടി വരും.