സന്നി‌ധാനത്തേക്കുള്ള വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം∙ ശബരിമല സന്നിധാനത്തു പ്രളയത്തിൽ തകർന്നടിഞ്ഞ വൈദ്യുതി വിതരണം വൈദ്യുതി ബോർഡ് പുനഃസ്ഥാപിച്ചു. സന്നിധാനത്തേക്കു പമ്പയിൽനിന്നു വൈദ്യുതി എത്തിച്ചിരുന്ന 11 കെവി ലൈൻ പ്രളയത്തിൽ തകർന്നത്, വെള്ളിയാഴ്ച രാത്രിയാ‌ണു പുനഃസ്ഥാപിച്ചത്. പമ്പാനദിക്കു കുറുകെ പുതിയ ലൈൻ വലിച്ചാണു സന്നിധാനത്തേക്കു വൈദ്യുതി എത്തിച്ചത്. ഇതോടെ സന്നിധാനത്തെ 38 ട്രാൻസ്ഫോമറുകളും ചാർജ് ചെയ്തു.

സന്നിധാനം, തീർഥാടനപാത എന്നിവിടങ്ങളിലെ വഴിവിളക്കുകളും പുനഃസ്ഥാപിച്ചു. പമ്പയിൽ മണപ്പുറം ഭാഗത്തെ വഴിവിളക്കുകൾ പുനഃസ്ഥാപിക്കുന്ന ജോലി തുടരുന്നു. രണ്ടു 11 കെവി ലൈനുകൾകൂടി വലിച്ചു പമ്പാനദിയുടെ അക്കരെ എത്തിക്കാനുള്ള ജോലി പുരോഗമിക്കുകയാണ്.

ഒരു കോടി രൂപയിലേറെ ചെലവഴിച്ചാണു വൈദ്യുതി ബോർഡ് റെക്കോർഡ് സമയത്തിനുള്ളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. ത്രിവേണി, ഹിൽടോപ്, കെഎസ്ആർടിസി എന്നിവിടങ്ങളിലേക്കും ജല അതോറിറ്റിയുടെ ഇൻടേക്ക് പരിസരത്തും വൈദ്യുതി എത്തിച്ചിട്ടുണ്ട്.