നവകേരളം: എല്ലാവരും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ നവകേരള നിർമിതിക്കായി നാളെ മുതൽ 15 വരെ നടക്കുന്ന ധന സമാഹരണയജ്ഞത്തിൽ എല്ലാ മലയാളികളും സജീവമായി രംഗത്തിറങ്ങണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് ജില്ലകളിൽ ധനസമാഹരണത്തിനു നേതൃത്വം നൽ‍കുന്നത്. എല്ലാവരും  സാമ്പത്തിക സ്ഥിതിയനുസരിച്ചു സംഭാവന നൽകണം. നവകേരള നിർമിതി ഭാരിച്ച ഉത്തരവാദിത്തമാണ്. ദീർഘവീക്ഷണത്തോടെയും ആസൂത്രിതമായും നീങ്ങേണ്ട സമയംകൂടിയാണിത്.

30,000 കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. പുനർനിർമാണ പ്രക്രിയ പൂർത്തിയാക്കാൻ കേരളത്തിനകത്തും പുറത്തുമുള്ള എല്ലാവരുടെയും സഹായവും സഹകരണവും വേണ്ടിവരും. ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകുന്നതിനോടു ജീവനക്കാർക്കും പെൻഷൻകാർക്കും പൊതുവെ അനുകൂലമായ നിലപാടാണുള്ളത്.

ഉയർന്ന തലത്തിൽ സേവനങ്ങൾ നൽകുന്ന പ്രഫഷനലുകൾ, വ്യാപാരികൾ, വ്യവസായികൾ, വാഹന ഉടമകൾ, തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങി എല്ലാ വിഭാഗങ്ങളും കേരള പുനർനിർമിതിയിൽ കാര്യമായ പങ്ക് വഹിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.  24 ലക്ഷം പേരാണ് ഓൺലൈൻ വഴി ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവന നൽകിയത്.