മനോരമ മെഡിക്കൽ ക്യാംപ്: ചികിൽസ തേടിയത് കാൽലക്ഷത്തിലേറെപ്പേർ

മലയാള മനോരമ കോഴിക്കോട് കക്കോടി പോലൂരിൽ നടത്തിയ മെഡിക്കൽ ക്യാംപിൽ പങ്കെടുക്കാനെത്തിയവർ.

പ്രളയം ദുരിതംവിതച്ച ജില്ലകളിൽ ചികിൽസാ സഹായവുമായി മലയാള മനോരമ ‘കൂടെയുണ്ട് നാട്’ മെഡിക്കൽ ക്യാംപുകൾ തുടരുന്നു. കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഇന്നലെ നടന്ന ക്യാംപിൽ ചികിൽസ തേടിയത് 2348 പേർ. ഇതുവരെ സംഘടിപ്പിച്ച 39 ക്യാംപുകൾ 25,819 പേർക്കു സഹായകമായി. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോട്ടയം കാരിത്താസ് ആശുപത്രി, തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി, കേരള ഗവ. ഓഫിസേഴ്സ് അസോസിയേഷൻ തൃശൂർ ശാഖ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഇന്നലത്തെ ക്യാംപുകൾ.

ഇന്ന് ആലപ്പുഴ, ഇന്നും നാളെയും എറണാകുളം, നാളെയും 15നും കോഴിക്കോട്, മറ്റന്നാൾ കോട്ടയം എന്നിങ്ങനെ ക്യാംപുകൾ തുടരും. മരുന്ന്, ആരോഗ്യ കിറ്റ്, എലിപ്പനി പ്രതിരോധ ഗുളികകൾ എന്നിവ വിതരണം ചെയ്യും. കുട്ടനാട്ടിൽ ചമ്പക്കുളം, നെടുമുടി, എടത്വ പഞ്ചായത്തുകളിലായി 30,000 ലീറ്റർ ശുദ്ധജലം ഇന്നലെ വിതരണം ചെയ്തു. കൈനകരി, കാവാലം പഞ്ചായത്തുകളിൽ 30,000 ലീറ്റർ ജലം ഇന്നും എത്തിക്കും. കുട്ടനാട്ടിലെ വിവിധ മേഖലകളിൽ ഇതുവരെ 1.01 ലക്ഷം ലീറ്റർ ജലമാണ് എത്തിച്ചത്.