പമ്പ ത്രിവേണിയിൽ 4 കോടിയുടെ മണൽ

പ്രളയത്തിൽ പമ്പ ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണൽ വാരിമാറ്റി ശേഖരിക്കുന്ന ജോലികൾ തുടങ്ങിയപ്പോൾ. ചിത്രം: നിഖിൽരാജ്

പത്തനംതിട്ട∙ പ്രളയത്തിൽ പമ്പ ത്രിവേണിയിൽ അടിഞ്ഞത് നാലു കോടിയോളം രൂപ വിലവരുന്ന മണലെന്നു പ്രാഥമിക നിഗമനം. നാളെ മുതൽ വിശദമായ കണക്കെടുപ്പു നടക്കും. പമ്പയുടെ പുനർനിർമാണത്തിന് അടിസ്ഥാന സാഹചര്യമൊരുക്കുന്നതിനും മാലിന്യം നീക്കുന്നതിനും ചുമതലയേറ്റ ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡ് ഹിൽടോപ്പിലും പമ്പയുടെ സമീപത്തുമായി അഞ്ചിടങ്ങളിൽ മണൽ ശേഖരിക്കുന്ന ജോലികൾ തുടങ്ങി. മണൽ ഏതൊക്കെ ആവശ്യത്തിനുപയോഗിക്കണമെന്നു ഹൈക്കോടതിയുടെ അഭിപ്രായം തേടും.

രണ്ടു കിലോമീറ്ററോളം രണ്ടാൾ പൊക്കത്തിലാണു മണൽത്തിട്ട രൂപപ്പെട്ടത്. ഇതു വാരിമാറ്റി പമ്പയുടെ ആഴം തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ ചെറിയ മഴയ്ക്കു പോലും വെള്ളപ്പൊക്കമുണ്ടാകും. കക്കി ഡാമിൽനിന്ന് ഒഴുകിയെത്തിയ മണൽ പമ്പയിൽനിന്ന് 19 കിലോമീറ്റർ അകലെ അട്ടത്തോടുവരെ അടിഞ്ഞിട്ടുണ്ട്. നിലവിൽ ത്രിവേണിക്കു സമീപമുള്ളതു വാരിമാറ്റിയാൽ മതിയെന്നാണു തീരുമാനം. കൊച്ചി ആസ്ഥാനമായ കമ്പനി രണ്ടു ദിവസം കൊണ്ട് ആയിരം ലോഡ് മണലാണ് ശേഖരിച്ചത്.

പ്രളയത്തിൽ പമ്പ ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണൽ വാരിമാറ്റി ശേഖരിക്കുന്ന ജോലികൾ തുടങ്ങിയപ്പോൾ. ചിത്രം: നിഖിൽരാജ്

പമ്പയുടെയും നിലയ്ക്കലിന്റെയും സന്നിധാനത്തിന്റെയും പുനർനിർമാണത്തിന് മണൽ ഉപയോഗിക്കാനായാൽ നന്നായിരുന്നുവെന്നു ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ആർ.അജിത്കുമാർ പറഞ്ഞു. ശബരിമല സ്പെഷൽ കമ്മിഷണർ പമ്പയുടെ പുനർനിർമാണം സംബന്ധിച്ചു നൽകിയ സത്യവാങ്മൂലം ഇന്നു ഹൈക്കോടതി പരിഗണിക്കും.

ഓരോ വകുപ്പും പുനർനിർമാണത്തിന് എന്തൊക്കെ ചെയ്യണമെന്നു ൈഹക്കോടതി നിർദേശം നൽകും. ഇതനുസരിച്ചാകും പുനർനിർമാണം. ടാറ്റായുടെ സേവനം സൗജന്യം പമ്പയുടെ പുനർനിർമാണത്തിനായി കെട്ടിടങ്ങളുടെ അവശിഷ്ടവും മണലും മാറ്റുന്നതുൾപ്പെടെയുള്ള പ്രവർത്തികൾ ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡ് സൗജന്യമായാണു ചെയ്യുന്നത്. അടുത്ത മാസത്തോടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. വനം വകുപ്പ് അനുമതി ലഭിച്ചാൽ നിലയ്ക്കലേക്കു കെട്ടിട അവശിഷ്ടങ്ങൾ മാറ്റും.