പി.സി.ജോർജിനെതിരെ കെ.മുരളീധരൻ

തിരുവനന്തപുരം∙ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ കെ.മുരളീധരൻ എംഎൽഎ. സ്ത്രീകളെ അപമാനിക്കുന്ന പരാമർശം ജനപ്രതിനിധിയിൽനിന്നു വരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ കുറ്റം പറയുന്നതല്ല എംഎൽഎയുടെ ജോലി. ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാൻ എംഎൽഎമാർക്കു ബാധ്യതയില്ല. ആരെയും വിശുദ്ധനും പരിശുദ്ധനുമാക്കാനും നിൽക്കണ്ട.

കേന്ദ്ര, സംസ്ഥാന വനിതാ കമ്മിഷനുകൾ നോക്കുകുത്തികളായി മാറി. കന്യാസ്ത്രീകളുടെ സമരത്തിൽ സഭ തീരുമാനമെടുക്കണം. ഷാഹിദാ കമാലിനു നേരെയുള്ള കയ്യേറ്റശ്രമത്തെ ന്യായീകരിക്കുന്നില്ല. എന്നാൽ, യുഡിഎഫും എൽഡിഎഫും ഹർത്താൽ നടത്തിയ ദിവസം കാറിൽ യാത്രചെയ്യേണ്ട കാര്യം ഷാഹിദാ കമാലിനില്ലായിരുന്നു. വൈകുന്നേരം ആറുമണിക്കു ശേഷം പോകാമായിരുന്നു. ചെന്നുകയറിയ പാർട്ടിയിലെങ്കിലും അവർ മാന്യത കാട്ടണമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.