കെഎസ്ആർടിസി ജീവനക്കാർക്ക് വീടിന് അടുത്തു ജോലി

തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാർക്കു വീടിന് അടുത്തേക്കു സ്ഥലംമാറ്റം നൽകുമെന്ന് എംഡി: ടോമിൻ തച്ചങ്കരി. കഴിഞ്ഞ ദിവസം മുതൽ നടപ്പാക്കിയ സിംഗിൾ ഡ്യൂട്ടി സംവിധാനത്തിൽ, എല്ലാദിവസവും ജോലിക്ക് എത്തേണ്ടിവരും. അതുകൊണ്ടാണു സൗകര്യപ്രദമായ മാറ്റം പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആക്ട് പ്രകാരം ജീവനക്കാരനെ ആഴ്ചയിൽ പരമാവധി 48 മണിക്കൂർ മാത്രമേ ജോലിക്കു നിയോഗിക്കാനാകൂ. ഇത്തരത്തിൽ ഡ്യൂട്ടികൾ ക്രമീകരിക്കുമ്പോൾ യാത്രക്കാരുടെ സൗകര്യാർഥം ഏതെങ്കിലും ദിവസം ഒരു ജീവനക്കാരനെ 10 മണിക്കൂറിൽ കൂടുതൽ സമയം ഡ്യൂട്ടിക്കായി നിയോഗിയ്‌ക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായേക്കാം. എന്നാൽ, ഒരു ജീവനക്കാരനും ഒരാഴ്ചയിലെ എല്ലാദിവസവും ഇത്തരത്തിൽ ജോലിചെയ്യേണ്ടി വരില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഒരു ജീവനക്കാരൻ പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരാഴ്ചയിൽ 48 മണിക്കൂറിൽ അധികം ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തും. ആഴ്ചയിൽ 48 മണിക്കൂറിലധികം ജോലിചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അധികവേതനം നൽകും.