Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഞ്ചിടിപ്പേറ്റി ഭീകര ശബ്ദം, ആശങ്കയുയർത്തി പ്രകമ്പനം

earth-quake-adoor വിണ്ടു കീറി... നൊന്തു നീറി... ഭൂചലനത്തെ തുടർന്ന് അടൂർ പഴകുളം കിഴക്കേതിൽ കൊറ്റോട്ടു ജമീലാ ബീവിയുടെ വീട്ടില‌‌െ ഭിത്തിയിൽ ഉണ്ടായ വലിയ വിള്ളൽ. ചിത്രം: അരവിന്ദ് വേണുഗോപാൽ

പത്തനംതിട്ട ∙ വലിയ ശബ്ദത്തോടെ ഭൂമി പ്രകമ്പനം കൊണ്ടപ്പോൾ അടൂരിന്റെ ഹൃദയം പടപടാ ഇടി‍ച്ചു, ഒപ്പം ജില്ല മുഴുവൻ ആശങ്ക പടർന്നു. പ്രളയഭീതിയിൽ നിന്നു ജില്ല പതുക്കെ കരകയറുന്നതേയുള്ളു. അതിനിടയിലാണ് ഭൂമി കുലുങ്ങി നാടിനെ വിറപ്പിച്ചത്. രാവിലെ പത്തരയ്ക്കും പത്തേമുക്കാലിനും ഇടയിലായിരുന്നു ചലനം. പ്രകമ്പനത്തിനൊപ്പം വലിയ ശബ്ദവും ഉണ്ടായി. ഗുണ്ട് പൊട്ടുന്നതു പോലെയും ഭൂമിക്കടിയിലൂടെ എന്തോ ഇരമ്പി പോകുന്നതു പോലെയും വലിയ പാറ വീഴുന്നതു പോലെയുമൊക്കെയാണ് ആളുകൾക്ക് തോന്നിയത്.

വീടും വീട്ടുപകരണങ്ങളും കുലുങ്ങി, ആളുകൾ ഭയന്നു വീടിനു പുറത്തേക്ക് ഇറങ്ങി. ഓട്ടത്തിനിടയിൽ ചിലർ താഴെ വീണു. സ്ത്രീകളും കുട്ടികളുമായിരുന്നു വീടുകളിൽ കൂടുതലും. പഴകുളം കൊറ്റോട്ടു കിഴക്കേതിൽ ജമീല ബീവിയുടെ വീട്ടിൽ താമസിക്കാൻ പറ്റാത്ത സ്ഥിതിയായി. വീടിന്റെ മുൻവശത്തുള്ള മുറികളിൽ ഒരിഞ്ചു വീതിയിൽ വിള്ളലുണ്ടായി. ഭിത്തികൾക്ക് എല്ലാം ചെറിയ വിള്ളൽ വീണിട്ടുണ്ട്. ഭൂചനം ഉണ്ടായ സമയത്ത് ജമീല ബീവിയും കൊച്ചുമകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

പന്തളം നഗരസഭ പത്താം വാർഡിലെ അങ്കണവാടിയുടെ മേൽക്കൂരയിൽ എന്തോ വന്നു പതിച്ചതു പോലെ അനുഭവപ്പെട്ടതായി അധ്യാപിക സതിവിജൻ പറഞ്ഞു. ശബ്ദം കേട്ടു കുട്ടികളും പേടിച്ചു. അവരെയെല്ലാം സമാധാനിപ്പിച്ച് അങ്കണവാടിയിൽ തന്നെ ഇരുന്നു. പിന്നീടാണ് ഭൂചലനമാണുണ്ടായതെന്നു മനസ്സിലായത്. വീടുകളിൽ കിടന്നുറങ്ങാൻ പേടിയാണെന്നും മാറ്റി താമസിപ്പിക്കണമെന്നും പ്രദേശത്തെ വീട്ടുകാർ ആവശ്യപ്പെട്ടു.

എന്നാൽ, പേടിക്കാനുള്ള സാഹചര്യമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ചെറിയ തോതിലുള്ള ഭൂചലനമാണ് ഉണ്ടായതെന്നും ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിലുണ്ടായ ചലനത്തിന്റെ തുടർച്ചയാകാം ഇവിടെ ഉണ്ടായതെന്നും അവർ പറഞ്ഞു. ഭൂചലനം അനുഭവപ്പെട്ട വീടുകൾ ആന്റോ ആന്റണി എംപി, ചിറ്റയം ഗോപകുമാർ എംഎൽഎ, ആർ. രാജേഷ് എംഎൽഎ, അടൂർ ആർഡിഒ എം.എ. റഹീം, തഹസിൽദാർ ഓമനക്കുട്ടൻ എന്നിവർ സന്ദർശിച്ചു.