പ്രളയം: യഥാർഥ നഷ്ടം 40,000 കോടി; കേന്ദ്ര നിവേദനത്തിൽ 4796 കോടി

തിരുവനന്തപുരം∙ പ്രളയദുരന്തത്തിൽ സംസ്ഥാനത്തിനു 40,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി ഇ.പി.ജയരാജൻ. കേന്ദ്ര മാനദണ്ഡപ്രകാരം 4796.35 കോടി രൂപയുടെ സഹായം അഭ്യർഥിച്ചു തയാറാക്കിയ നിവേദനം ഇന്നു കേന്ദ്രത്തിനു കൈമാറുമെന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. സംസ്ഥാനത്തിന്റെ നിവേദനം ഇന്നലെ രാത്രിയോടെയാണു തയാറാക്കിയത്.

ചെറുകിട കച്ചവടക്കാർക്കും വ്യാപാരികൾക്കുമുള്ള നഷ്ടം ഇനിയും കണക്കാക്കേണ്ടതുണ്ടെന്നും മരാമത്ത്, വിദ്യാഭ്യാസ, കൃഷി മേഖലകളിലും വീടുകൾക്കുമുണ്ടായ നഷ്ടം വിലയിരുത്തിയാണു 40,000 കോടി എന്നു കണക്കാക്കിയതെന്നും ജയരാജൻ അറിയിച്ചു. മരിച്ചവർ, തകർന്ന വീടുകൾ, കൃഷിനാശം, ആടുമാടുകളുടെയും പക്ഷി മൃഗാദികളുടെയും നാശനഷ്ടം എന്നിവയുടെ അടിസ്ഥാനത്തിലാണു 4796.35 കോടിയുടെ സഹായം അഭ്യർഥിക്കുന്നത്.

മരിച്ചവരുടെ കുടുംബങ്ങൾക്കു നാലുലക്ഷം രൂപ വീതം നൽകണം. 488 പേരാണു മരിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു രണ്ടുലക്ഷം വീതം നൽകുമെന്നു സന്ദർശനത്തിനിടെ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 11,201 വീടുകൾ പൂർണമായി തകർന്നു. തകർന്ന ഒരു വീടിനു കേന്ദ്ര മാനദണ്ഡപ്രകാരം സാധാരണ സ്ഥലത്ത് 95,000 രൂപയും മലയോര മേഖലയിൽ 1.01 ലക്ഷം രൂപയും ലഭിക്കും. ഭാഗികമായി തകർന്ന വീടുകൾക്ക് അതിന്റെ ആഘാതം കണക്കാക്കി നൽകണം.

1.20 ലക്ഷം വീടുകൾ ഭാഗികമായി തകർന്നു. കൃഷിനാശത്തിനു ഹെക്ടറിനു 13,000 രൂപ വീതം ലഭിക്കും. ചത്ത പശു, എരുമ എന്നിവയ്ക്കു 30,000 രൂപ വീതവും കാള, പോത്ത് എന്നിവയ്ക്ക് 25,000 രൂപ വീതവും അനുവദിക്കും. ആടിന് 3,000 രൂപയും താറാവ്, കോഴി എന്നിവയ്ക്കു യഥാക്രമം 80, 50 രൂപ വീതവുമാണു കേന്ദ്ര ആശ്വാസധനം. ഒരു കുടുംബത്തിനു പരമാവധി 90,000 രൂപയ്ക്കു വരെയാണ് അർഹത. ഇതെല്ലാം കണക്കാക്കിയാണു കേന്ദ്ര സഹായത്തിനുള്ള നിവേദനം തയാറാക്കിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം 29നു സംസ്ഥാനത്ത് എത്തും. നേരത്തേ ദുരന്തം വിലയിരുത്താൻ ജോയിന്റ് സെക്രട്ടറി, അഡീഷനൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിരുന്നത്. ദുരന്തത്തിന്റെ ഗൗരവം പരിഗണിച്ചാണ് ആഭ്യന്തര സെക്രട്ടറി നേരിട്ട് എത്തുന്നത്. ഇതിനു പുറമെ, യഥാർഥ നഷ്ടം സംബന്ധിച്ച വിശദ റിപ്പോർട്ട് തയാറാക്കി കേന്ദ്രത്തിനു സമർപ്പിക്കുന്നുണ്ട്. വിവിധ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു. അവ ക്രോഡീകരിച്ചു വൈകാതെ കേന്ദ്രത്തിനു വിശദ നിവേദനം സമർപ്പിക്കും.

കേന്ദ്ര നിവേദനത്തിൽ ആവശ്യപ്പെടുന്നത് 

തിരുവനന്തപുരം∙ കേന്ദ്രത്തിനു സമർപ്പിക്കുന്ന നിവേദനത്തിൽ ആവശ്യപ്പെടുന്ന തുക: 

∙കൃഷിനാശം - 257 കോടി 

∙അടിസ്ഥാന സൗകര്യം (റോഡ്, പാലം, വൈദ്യുതി തുടങ്ങിയവ) - 1179 കോടി 

∙തകർന്ന വീടുകൾക്ക് - 976.08 കോടി 

∙മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം - 13.56 കോടി 

∙രക്ഷാപ്രവർത്തനത്തിന്റെ ചെലവ് - 274 കോടി 

∙ദുരിതാശ്വാസ ക്യാംപ് നടത്തിപ്പ് - 307 കോടി 

∙മാലിന്യസംസ്കരണം, ചത്തമൃഗങ്ങളെ മറവു ചെയ്യൽ, വൃത്തിയാക്കൽ, പമ്പിങ് - 55 കോടി