ബിഷപ് ഫ്രാങ്കോ മാറി നിൽക്കണം: കർദിനാൾ ഗ്രേഷ്യസ്

കർദിനാൾ ഒസ്‌വാൾഡ് ഗ്രേഷ്യസ്

മുംബൈ ∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പദവിയിൽ നിന്നു മാറിനിൽക്കണമെന്നു സിബിസിഐ പ്രസിഡന്റും ബോംബെ അതിരൂപത ആർച്ച്ബിഷപ്പുമായ കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസ്. അതിരൂപതാധ്യക്ഷൻ എന്ന നിലയിലാണ് അഭിപ്രായമെന്നും വത്തിക്കാനിലുള്ള അദ്ദേഹം ജലന്തർ വിഷയം ബന്ധപ്പെട്ട സമിതികളിൽ ഉന്നയിക്കുമെന്നും ബോംബെ അതിരൂപതാ വക്താവ് ഫാ.നൈജിൽ ബാരെറ്റ് പറഞ്ഞു.. 

‘ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പദവിയിൽ തുടരുന്നതിനാലും തന്റെ പരിധിയിലെ സഭാനടപടികൾ നിയന്ത്രിക്കുന്നതിനാലും അന്വേഷണത്തെ സ്വാധീനിക്കാനുള്ള സാധ്യത കൂടുതലാണ്. വിവാദം ഇതിനകം സഭയ്ക്കു വലിയ ദോഷം സൃഷ്ടിച്ചു. മാറിനിന്ന് അന്വേഷണത്തെ നേരിട്ടു തന്റെ ഭാഗത്തുനിന്നു പിഴവില്ലെന്നു ബിഷപ്പിനു തെളിയിക്കാം’– ഫാ. നൈജിൽ ബാരെറ്റ് പറഞ്ഞു. 

ഇതിനിടെ, ബിഷപ്പിനെതിരെ അന്വേഷണത്തിന് സഭാതലത്തിലുള്ള സമിതിയെ വത്തിക്കാൻ നിയോഗിച്ചേക്കും. കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസ്, ഡൽഹി അതിരൂപതാ ആർച്ച്ബിഷപ് അനിൽ ക്യൂട്ടോ എന്നിവരില്‍ ഒരാളായിരിക്കും അന്വേഷണ കമ്മിഷൻ.

ആരോപണങ്ങൾ സഭയ്ക്കെതിരെയല്ല; വ്യക്തിക്കെതിരെ: കെആർഎൽസിസി 

കൊച്ചി ∙ വ്യക്തിപരമായി ഉയർന്ന ആരോപണങ്ങളും വിമർശനങ്ങളും സഭയ്‌ക്കെതിരായിട്ടുള്ളതെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം ശരിയല്ലെന്നു കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി). സഭാ പിതാവെന്ന നിലയിൽ ഉയർത്തിപ്പിടിക്കേണ്ട ധാർമിക ബോധവും നീതിബോധവും വിശ്വാസ സ്ഥൈര്യവുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആരോപണങ്ങൾ തികച്ചും വ്യക്തിപരമാണ്. സഭയുടെ ഉന്നത സ്ഥാനീയർ പുലർത്തേണ്ട ധാർമിക നടപടികളാണു വിശ്വാസികൾ ആഗ്രഹിക്കുന്നത്. എന്നാൽ, വിശ്വാസികൾക്ക് അപമാനമുണ്ടാകുന്ന കാര്യങ്ങളാണു സംഭവിക്കുന്നത് – വൈസ് പ്രസിഡന്റ് ഷാജി ജോർജ് പറഞ്ഞു.