പ്രളയ രക്ഷാദൗത്യം ഓർമപ്പെടുത്താൻ ചെങ്ങന്നൂരിൽ മ്യൂസിയത്തിന് പദ്ധതി

മൽസ്യത്തൊഴിലാളികൾ രക്ഷാദൗത്യത്തിനിടെ. പ്രളയകാലത്തെ ചെങ്ങന്നൂരിൽനിന്നുള്ള ദൃശ്യം,

ന്യൂഡൽഹി ∙ പ്രളയകാല രക്ഷാദൗത്യത്തിന്റെ ശേഷിപ്പുകൾകൊണ്ടൊരു മ്യൂസിയം പരിഗണനയിൽ. വിശദമായ പദ്ധതി നിർദേശം തയാറാക്കാൻ ടൂറിസം മന്ത്രാലയം നിർദേശിച്ചു. പ്രളയക്കെടുതിയിൽപെട്ടവരെ രക്ഷിക്കാനായി ആരും വിളിക്കാതെ രംഗത്തിറങ്ങിയ ആദ്യ സംഘങ്ങളിലൊന്നായ ‘കോസ്റ്റൽ വാരിയേഴ്സ്’ സംഘത്തിന്റേതാണ് ആശയം. മൽസ്യത്തൊഴിലാളികളുടെ ഇടപെടൽ ഏറ്റവും നിർണായകമായ ചെങ്ങന്നൂർ മേഖലയിൽ മ്യൂസിയം ഒരുക്കാനാണു ശ്രമം.

സ്വകാര്യവ്യക്തികളിൽ ചിലർ സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മൽസ്യത്തൊഴിലാളികളും മറ്റുള്ളവരും നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ വിവരണം, ചിത്രങ്ങൾ തുടങ്ങി ദൗത്യത്തിന് ഉപയോഗിച്ച ബോട്ട് അടക്കം സജ്ജീകരിച്ചു പ്രളയകാലത്തെ ഓർമപ്പെടുത്താനാണു പദ്ധതി. കേരള കോൺഗ്രസ് (പി.സി.തോമസ്) വിഭാഗം ചെയർമാൻ പി.സി.തോമസിന്റെ നേതൃത്വത്തിൽ കോസ്റ്റൽ വാരിയേഴ്സ് സംഘാംഗങ്ങളായ ജോണി ചെക്കിട്ട, ജോൺ മാത്യു എന്നിവർ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ കണ്ടു പദ്ധതി വിശദീകരിച്ചു.