പുനരധിവാസം: അതൃപ്തി അറിയിച്ചെന്ന് കണ്ണന്താനം

ന്യൂഡൽഹി∙ പ്രളയത്തിനുശേഷം കേരളം നടത്തുന്ന പുനരധിവാസ നടപടികളിൽ അതൃപ്തി അറിയിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ചുമതലകൾ ടാറ്റ പ്രോജക്ട്സിനെ ഏൽപ്പിച്ചു കയ്യൊഴിയാതെ വിശദമായ പദ്ധതിരേഖ തയാറാക്കി പ്രവർത്തിക്കണമെന്ന ആവശ്യം കണ്ണന്താനം കേരള ചീഫ് സെക്രട്ടറിയെ വിളിച്ചറിയിച്ചു. ദുരന്തഭൂമിയിൽ സ്വീകരിക്കേണ്ട അടിസ്ഥാന നടപടികൾ പോലും സ്വീകരിച്ചിട്ടില്ലെന്നു പമ്പ ത്രിവേണി സന്ദർശിച്ച കേന്ദ്രമന്ത്രി വിലയിരുത്തി. 

യുദ്ധഭൂമിയുടെ അവസ്ഥയിലാണ് പമ്പ. വെള്ളമിറങ്ങി ഇത്രയും കഴിഞ്ഞിട്ടും മണ്ണുനീക്കൽ മാത്രമാണു നടക്കുന്നത്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കുകയും അല്ലാത്തവ ബലപ്പെടുത്തുകയും ചെയ്യണം. ഇതിന് സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നിയോഗിക്കണം. പമ്പ തിവ്രേണിയുടെ പുനർനിർമാണത്തിന് പണം നൽകാൻ തയാറാണെന്നു കഴിഞ്ഞദിവസം കണ്ണന്താനം അറിയിച്ചിരുന്നു. കേരളത്തിനു കേന്ദ്രം നൽകുന്ന സഹായത്തിന്റെ കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നു മന്ത്രി പറഞ്ഞു.