ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ

തിരുവനന്തപുരം∙ പീഡനക്കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ സർക്കാർ സംരക്ഷിക്കുകയാണെന്നും ഇതിനു ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഉദ്ഘാടനം നിർവഹിച്ച കെപിസിസി മുൻപ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ ശരിയാണെന്നു ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയ പൊലീസ് ഇപ്പോൾ ഉരുണ്ടു കളിക്കുകയാണെന്നും സുധീരൻ കുറ്റപ്പെടുത്തി. ഒരു മതാധ്യക്ഷനും നീതിക്ക് അതീതൻ അല്ലെന്നും പീഡനക്കാരെ സംരക്ഷിക്കുന്ന ഭരണകൂടം ജനങ്ങളെ കളിയാക്കുകയാണെന്നും കവി സുഗതകുമാരി പറഞ്ഞു.

യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്, സിസ്റ്റർ ജെസ്മി, മുൻമന്ത്രി വി.സുരേന്ദ്രൻ പിള്ള, കാമരാജ് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ, അഭയകേസ് ആക്‌ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ, ബിജെപി നേതാക്കളായ പി.പി.മുകുന്ദൻ, ജെ.ആർ.പത്മകുമാർ, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, എസ്‍യുസിഐ മഹിളാ ഫെഡറേഷൻ പ്രസിഡന്റ് മിനി തുടങ്ങിയവർ പ്രസംഗിച്ചു.