സദാചാര കമ്മിറ്റിയിൽ നിന്നു മാറി നിൽക്കാൻ ഉദ്ദേശിക്കുന്നില്ല: പി.സി.ജോർജ്

തിരുവനന്തപുരം∙ നിയമസഭയുടെ സദാചാര കമ്മിറ്റിയിൽ നിന്നു മാറി നിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അതു തീരുമാനിക്കേണ്ടതു സ്പീക്കർ അല്ലെന്നും പി.സി.ജോർജ്. കന്യാസ്ത്രീയെ അവഹേളിച്ചതിന്റെ പേരിൽ ജോർജിനെതിരായ പരാതി കമ്മിറ്റി പരിഗണിക്കാനിരിക്കെയാണ് അതിൽ അംഗം കൂടിയായ അദ്ദേഹം സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി രംഗത്തു വന്നത്.

അന്വേഷണകാലത്തു ജോർജ് കമ്മിറ്റിയിൽ നിന്നു മാറി നിൽക്കുമെന്നു സ്പീക്കർ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. മുൻപു തന്നെ ശാസിച്ച സ്പീക്കർമാരൊന്നും പിന്നീടു സഭ കണ്ടിട്ടില്ലെന്നും ജോർജ് പറഞ്ഞു. നിയമസഭയുടെ അന്തസ്സു പാതാളത്തിലേക്കു ചവിട്ടിതാഴ്ത്തി എന്ന സ്പീക്കറുടെ പരാമർശനത്തിനു നമ്മുടെ നിയമസഭയെ മഹാബലിയുമായി താരതമ്യം ചെയ്താൽ എങ്ങുമെത്തില്ലെന്നും അങ്ങ് സ്പീക്കറായിരിക്കുന്ന നിയമസഭയുടെ അന്തസ്സു പൊക്കിനിർത്താൻ തനിക്കു കഴിയില്ലെന്നും ജോർജ് ഫെയ്സ്ബുക് പോസ്റ്റിലൂടെ മറുപടി നൽകി.

വിദേശത്തു മന്ത്രിമാർ പണം പിരിക്കാൻ പോകുന്നതിനോടു യോജിപ്പില്ല. ആ പേരുദോഷം കൂടി പിണറായി സർക്കാർ മേടിക്കരുത്. വിദേശസഹായം സ്വീകരിക്കാനുള്ള തടസ്സങ്ങൾ നീക്കാനുള്ള മാന്യത ഈ ഘട്ടത്തിലെങ്കിലും പ്രധാനമന്ത്രി കാണിക്കണം. കേന്ദ്രം കൂടുതൽ സഹായം തരുന്നില്ലെങ്കിൽ കടമായി വാങ്ങണം. പ്രളയാനന്തരം കേരളം നേരിടുന്ന പുതിയ ശാസ്ത്രീയ പ്രതിഭാസങ്ങളെക്കുറിച്ചു സർക്കാർ പഠിക്കുകയും നേരിടാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം– പി.സി.ജോർജ് പറ‍ഞ്ഞു.