ഉപവാസസമരം ശക്തമാക്കുന്നു

പരക്കെ പിന്തുണ: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കു പിന്തുണയേകാനെത്തിയവർ ഹൈക്കോടതി ജംക്‌ഷനിലെ സമരപ്പന്തലും കവിഞ്ഞു പുറത്തേക്കെത്തിയപ്പോൾ. ചിത്രം: മനോരമ.

കൊച്ചി ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതി ജംക്‌ഷനിൽ നടക്കുന്ന അനിശ്ചിതകാല ഉപവാസം ശക്തമാക്കാൻ സേവ് ഔവർ സിസ്റ്റേഴ്സ് ആക്‌ഷൻ‌ കൗൺസിൽ തീരുമാനം. ജില്ലാകേന്ദ്രങ്ങളിൽ ഉപവാസസമരം ആരംഭിക്കും. കോഴിക്കോട്ട് ഇന്നും മറ്റു കേന്ദ്രങ്ങളിൽ നാളെയോടെയും ഉപവാസസമരത്തിനു തുടക്കമാകും. 

നാളെ ഉച്ചയ്ക്ക് 3ന് ഹൈക്കോടതി ജംക്‌ഷനിലെ സമരപ്പന്തലിൽ എറണാകുളം ജില്ലയിലെ െവെദികരും  സന്യാസിനിമാരും പിന്തുണ അറിയിച്ചെത്തും. നാളെ വൈകിട്ട് 5 മുതൽ 6 വരെ കേരളത്തിലൊട്ടുക്കും  പ്രതിഷേധപ്രകടനങ്ങൾ നടത്തും. 

പിന്തുണയുമായി  കൂടുതൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക സംഘടനകൾ കൊച്ചിയിലെ സമരപ്പന്തലിലെത്തി. അനിശ്ചിതകാല ഉപവാസം തുടരുന്ന സ്റ്റീഫൻ മാത്യുവിനെ ഡോക്ടർമാർ പരിശോധിച്ചു. സന്യാസിനിമാരായ അനുപമ, ആൽഫി, ജോസഫൈൻ, അൻസിറ്റ എന്നിവർ ഇന്നലെയും സമരം തുടർന്നു. അന്വേഷി പ്രസിഡന്റ് കെ. അജിത, നോവലിസ്റ്റ് സാറാ ജോസഫ്, ഡബ്ബിങ് ആർട്ടിസ്റ്റ്  ഭാഗ്യലക്ഷ്മി, എഴുത്തുകാരി പി. ഗീത തുടങ്ങിയവർ സമരപ്പന്തലിലെത്തി.