മെഡിക്കൽ ക്യാംപുകൾ 43; ചികിൽസ തേടിയവർ 28,000

എറണാകുളം കാലടി കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി ഹാളില്‍ നടന്ന മനോരമ മെഡിക്കല്‍ ക്യാംപില്‍ നിന്ന്. ചിത്രം: മനോരമ

പ്രളയബാധിത ജില്ലകളിൽ വായനക്കാരുടെ സഹകരണത്തോടെ മലയാള മനോരമ നടപ്പാക്കുന്ന ‘കൂടെയുണ്ട് നാട്’ സഹായ പദ്ധതിയുടെ ഭാഗമായി ഇതുവരെ സംഘടിപ്പിച്ചത് 43 മെഡിക്കൽ ക്യാംപുകൾ. പകർച്ചവ്യാധി പ്രതിരോധവും ആരോഗ്യസംരക്ഷണവും ലക്ഷ്യമിട്ട് ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ നടത്തിയ ക്യാംപുകൾ തുണയായത് 28,589 പേർക്ക്. 

ഇന്നലെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ നടന്ന ക്യാംപുകളിൽ 1274 പേർ ചികിൽസ തേടി. കോലഞ്ചേരി എംഒഎസ്‌സി മെഡിക്കൽ കോളജ്, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെ ക്യാംപുകൾ. 

ഇന്നു തൃശൂരും കോട്ടയത്തും പത്തനംതിട്ടയിലും നാളെ കോഴിക്കോടും ക്യാംപുകൾ നടക്കും. കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ തൃശൂർ ശാഖ, കോട്ടയം കിംസ് ആശുപത്രി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണിത്. ക്യാംപുകളിൽ സൗജന്യമരുന്നും ആരോഗ്യകിറ്റും വിതരണം ചെയ്യും. 

കുട്ടനാട് മേഖലകളിൽ ശുദ്ധജല വിതരണവും തുടരുകയാണ്. ഇന്നലെ 31,000 ലീറ്റർ വെള്ളം കൂടി എത്തിച്ചതോടെ ആകെ വിതരണം ചെയ്തത് 1.62 ലക്ഷം ലീറ്ററായി.