ബിഷപ് പീഡിപ്പിച്ചിട്ടില്ലെന്നു സന്യാസിനി സഭയുടെ അന്വേഷണ റിപ്പോർട്ട്

ന്യൂഡൽഹി ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചിട്ടില്ലെന്ന് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. പരാതി ഗൂഢാലോചനയാണെന്നും യുക്തിവാദികളുടെ അടക്കം പ്രേരണയുണ്ടെന്നും ബിഷപ്് തന്നെ രക്ഷാധികാരിയായ റിപ്പോർട്ടിൽ പറയുന്നു. കമ്മിഷൻ അംഗങ്ങൾ ആരൊക്കെയായിരുന്നു, തെളിവെടുപ്പ് എങ്ങനെയായിരുന്നു എന്നിവയെക്കുറിച്ചു റിപ്പോർട്ടിൽ പരാമർശമില്ല. 

പരാതിക്കാരിയായ കന്യാസ്ത്രീ ബിഷപ്പിനൊപ്പം വീട് വെഞ്ചരിപ്പിനെത്തിയ ഫോട്ടോയാണു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ‘പരാതിയിൽ പറയുന്ന കാലയളവിലെ ചടങ്ങാണിത്. പീഡനത്തിനിരയായ സ്ത്രീ പീഡിപ്പിക്കുന്ന ആൾക്കൊപ്പം സന്തോഷവതിയായി പങ്കെടുക്കില്ല. അങ്ങോട്ട് ആവശ്യപ്പെട്ടാണ് പരാതിക്കാരി ബിഷപ്പിന്റെ പരിപാടികളിൽ പങ്കെടുത്തത്. ഇതു ചിത്രങ്ങളിൽ വ്യക്തമാണ്. പീഡനം നടന്നിട്ടില്ലെന്നതിനു തെളിവാണിത്’ – കമ്മിഷൻ റിപ്പോർട്ട് ഉദ്ധരിച്ചു സന്യാസിനിസഭാ വക്താവ് പറഞ്ഞു. അന്വേഷണ റിപ്പോർട്ടിനൊപ്പം പരാതിക്കാരിയായ കന്യാസ്ത്രീ ഫ്രാങ്കോ മുളയ്ക്കലിനൊപ്പമിരിക്കുന്ന ഫോട്ടോ പുറത്തുവിട്ടതു വിവാദമായിട്ടുണ്ട്. മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന നിർദേശത്തോടെയാണ് ചിത്രം റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്.  

കോൺഗ്രിഗേഷന്റെ നിർദേശം ലംഘിച്ചാണ് പരാതിക്കാരിയും സമരം നടത്തുന്ന കന്യാസ്ത്രീകളും കുറവിലങ്ങാട്ടെ മഠത്തിൽ തങ്ങുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. സഭയുമായി ബന്ധമില്ലാത്ത നാലു വ്യക്തികളുമായി ഇവർ ഗൂഢാലോചന നടത്തി. യുക്തിവാദികൾ അടക്കം പലരും മഠത്തിൽ നിരന്തരം വന്നുപോയി. സൗകര്യത്തിന് അനുസരിച്ചു സന്ദർശക റജിസ്റ്ററിലും ക്രമക്കേടുകൾ നടത്തി. ആദ്യം പീഡിപ്പിച്ചതായി പറയുന്ന 2014 മേയ് അഞ്ചിന് കുറവിലങ്ങാട്ടെ മഠത്തിൽനിന്ന് അത്താഴം കഴിച്ച ഫ്രാങ്കോ മുളയ്ക്കൽ മറ്റൊരു മഠത്തിലാണു താമസിച്ചതെന്നും റിപ്പോർട്ടിലുണ്ട്.