കുട്ടനാട്ടിലെ പ്രളയം: കത്ത് ഹർജിയാക്കി ഹൈക്കോടതി

കുട്ടനാട്ടിലെ പ്രളയത്തിന്റെ ദൃശ്യം (ഫയൽചിത്രം)

കൊച്ചി ∙ കുട്ടനാടൻ പ്രദേശത്തെ ജലനിരപ്പുമായി നേരിട്ടു ബന്ധമുള്ള പദ്ധതികളായ കുട്ടനാട് പാക്കേജ്, തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവയുടെ കാര്യത്തിൽ ശാസ്ത്രീയവും സമയബന്ധിതവുമായ ഇടപെടലുണ്ടാവാത്തതാണു കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു കാരണമെന്ന് ആരോപിക്കുന്ന കത്ത് ഹൈക്കോടതി ഹർജിയായി സ്വമേധയാ പരിഗണിക്കും. 

ആലപ്പുഴ മങ്കൊമ്പ് തെക്കേക്കരയിൽ കെ.സി. മാത്യുവാണ് ഹൈക്കോടതിക്കു കത്തെഴുതിയത്. കത്തു സ്വമേധയാ ഹർജിയായി ഫയലിൽ സ്വീകരിക്കാൻ റജിസ്ട്രാർക്കു ചീഫ് ജസ്റ്റിസ് നിർദേശം നൽകി.