പുഴകളിൽ വെള്ളം കുറഞ്ഞതു വരൾച്ചയുടെ സൂചനയല്ലെന്ന്

തിരുവനന്തപുരം∙ പ്രളയത്തിനുശേഷം ജലസ്രോതസ്സുകളിൽ വലിയ തോതിൽ വെള്ളം കുറഞ്ഞതു വരൾച്ചയുടെ സൂചനയല്ലെന്നു സംസ്ഥാന ഭൂവിനിയോഗ ബോർഡ്. പ്രളയത്തിലുണ്ടായ ശക്തമായ ഒഴുക്കിൽ പുഴകളിലെ മണൽ ഒലിച്ചുപോയി ആഴം വർധിച്ചതാണ് ജലനിരപ്പു കുറയാനുള്ള പ്രധാന കാരണം. കിണറുകളിലെ ജലനിരപ്പു താഴുന്നത് ഇതിന്റെ തുടർച്ചയാണെന്നും ബോർഡിലെ വിദഗ്ധർ പറയുന്നു.

പ്രളയത്തിനിടയാക്കിയ കനത്ത മഴയിൽ ലഭിച്ച വെള്ളത്തിന്റെ 10% പോലും ഭൂജലമായി കാത്തുവയ്ക്കാൻ കഴിഞ്ഞിട്ടില്ല. മണലും എക്കലും ഒഴുകിപ്പോയി നദികളുടെ ജലനിരപ്പു താഴേക്കു പോയതിനാൽ കിണറുകൾ അടക്കമുള്ള ഭൂഗർഭ ജലസ്രോതസ്സുകളിലെ ജലം താഴേത്തട്ടിലേക്കു സ്വാഭാവികമായി നീങ്ങും. അതിവേഗമുണ്ടാകുന്ന പ്രളയത്തിന്റെ തുടർച്ചയായി ഇത്തരം പ്രതിഭാസങ്ങൾ നേരത്തേയും ഉണ്ടായിട്ടുണ്ടെന്നും ബോർഡ് അധികൃതർ പറഞ്ഞു.