ബിഷപ് ഫ്രാങ്കോ 19ന് എത്തും; ചോദ്യാവലി തയാറാകുന്നു

കോട്ടയം ∙ ചോദ്യം ചെയ്യലിനു ബിഷപ് ഫ്രാങ്കോ എത്തുമെന്ന് ഉറപ്പായതോടെ പൊലീസ് ഒരുക്കങ്ങളും അവസാന ഘട്ടത്തിലേക്കെത്തി. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി: കെ.സുഭാഷിന്റെ നേതൃത്വത്തിൽ തയാറാക്കിയ ചോദ്യാവലിക്ക്, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ കൂടി പരിശോധിച്ചശേഷം അന്തിമരൂപം നൽകും. 19നു വൈക്കം ഡിവൈഎസ്പിയാകും ചോദ്യം ചെയ്യുക. രണ്ടാം ദിനം മുതൽ ജില്ലാ പൊലീസ് മേധാവിയുമുണ്ടാകും. ഐജി: വിജയ് സാക്കറെ എത്തുന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചില്ല.

19നു തന്നെ കേരളത്തിൽ ചോദ്യം ചെയ്യലിനായി ബിഷപ് എത്തുമെന്നാണു ജലന്തറിൽനിന്നുള്ള വിവരം. എന്നാൽ വരുന്ന സമയം പറഞ്ഞിട്ടില്ല. ബിഷപ് എപ്പോൾ കേരളത്തിലെത്തിയാലും അതിനുശേഷമുള്ള ഓരോനീക്കവും കോട്ടയം പൊലീസിന്റെ തീരുമാനം അനുസരിച്ചാകും. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു പൊലീസ് വാഹനത്തിലാകും ചോദ്യം ചെയ്യൽ കേന്ദ്രത്തിലെത്തിക്കുക.

വൈക്കം ഡിവൈഎസ്പി ഓഫിസ്, ഏറ്റുമാനൂർ ആധുനിക ചോദ്യം ചെയ്യൽ കേന്ദ്രം, പൊലീസ് ക്ലബ് എന്നീ മൂന്നു കേന്ദ്രങ്ങളാണു ചോദ്യം ചെയ്യലിനായി പരിഗണിക്കുന്നത്. കേസിനെ സംബന്ധിച്ച എല്ലാ രേഖകളും എളുപ്പത്തിൽ ലഭ്യമായ വൈക്കം ഡിവൈഎസ്പി ഓഫിസും ആധുനിക സൗകര്യങ്ങളുള്ള ഏറ്റുമാനൂർ കേന്ദ്രവും പ്രത്യേക പരിഗണനയിലുണ്ട്. അതേ സമയം, സംസ്ഥാനത്തെ വിവിധ അഭിഭാഷകരുടെ സഹായവും ബിഷപ്പിന്റെ സംഘം തേടിയിട്ടുണ്ട്.