ചുമതല ഒഴിയാം; മാർപാപ്പയ്ക്ക് ബിഷപ് ഫ്രാങ്കോയുടെ കത്ത്

ജലന്തർ ∙ കേസിൽ ശ്രദ്ധചെലുത്താൻ താൽക്കാലികമായി ചുമതലകളിൽ നിന്നൊഴിയാൻ അനുവദിക്കണമെന്ന ആവശ്യവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ മാർപാപ്പയ്ക്കു കത്തു നൽകി. 

കന്യാസ്ത്രീയുടെ പരാതിയിൽ വത്തിക്കാന്റെ ഇടപെടലുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു ബിഷപ്പിന്റെ നീക്കം. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോ വഴിയാണു കത്തയച്ചത്.

ചുമതലയിൽ നിന്നൊഴിയാനുള്ള അനുവാദം എത്രയുംവേഗം നൽകുമെന്ന പ്രതീക്ഷ ബിഷപ് പ്രകടിപ്പിച്ചു. ഇതേസമയം, ഹൈക്കോടതിയിൽ നിന്നു ബിഷപ്പിന്റെ നിരപരാധിത്വം സംബന്ധിച്ചു പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെന്നു ജലന്തർ രൂപത പത്രക്കുറിപ്പിൽ പറയുന്നു.

ബിഷപ്പിനു കേസിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ട്. ഇതിനായി കേരളത്തിലേക്കു  പോകേണ്ടതിനാലാണു ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടത്. ആരോപണങ്ങൾ വേദനാജനകമാണെന്നും നിരപരാധിത്വം തെളിയിക്കാൻ പ്രാർഥിക്കണമെന്നും രൂപത അഭ്യർഥിച്ചു.