നിലയ്ക്കൽ–പമ്പ സർവീസ്: 31 രൂപ നിരക്ക് പുനഃസ്ഥാപിക്കണമെന്നു റിപ്പോർട്ട്

കൊച്ചി ∙ ശബരിമല തീർഥാടകരിൽ നിന്നു നിലയ്ക്കൽ – പമ്പ സർവീസിനു കെഎസ്ആർടിസി അധിക നിരക്ക് ഈടാക്കുന്നതു റദ്ദാക്കണമെന്നും 31 രൂപ നിരക്ക് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കെഎസ്ആർടിസിയുടെ വിശദീകരണത്തിനായി കേസ് ഒക്ടോബർ ഒന്നിലേക്കു മാറ്റി.

ശബരിമല തീർഥാടകരുടെ വാഹനങ്ങൾക്ക് ഇപ്പോൾ നിലയ്ക്കൽ വരെയാണ് എത്താനാകുക. നിലയ്ക്കൽ – പമ്പ റൂട്ടിൽ കെഎസ്ആർടിസിയുടെ ചെയിൻ സർവീസ് മാത്രമാണ് ആശ്രയം. 

22 കി. മീ. ദൂരത്തിനു സാധാരണ 31 രൂപ ഈടാക്കിയിരുന്നതു തന്നെ കൂടുതലാണെന്നു പരാതിയുണ്ടായിരുന്നു. ഇപ്പോൾ നിരക്ക് 40 രൂപയാക്കി കൂട്ടി. കെഎസ്ആർടിസി സർവീസ് മാത്രമുള്ള റൂട്ടിൽ കൂടിയ നിരക്ക് ഏർപ്പെടുത്തിയതു സ്വേച്ഛാപരമാണെന്നു റിപ്പോർട്ടിൽ ആരോപിക്കുന്നു.

ഇതിനിടെ, ശബരിമലയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ മാസ്റ്റർപ്ലാൻ അനുസരിച്ചാകും നടത്തുകയെന്നു മറ്റൊരു കേസിൽ സർക്കാർ കോടതിയെ അറിയിച്ചു. അടുത്തയാഴ്ച ഉന്നതാധികാര സമിതി യോഗം ചേരുമെന്നും അറിയിച്ചു. ശബരിമല പുനർനിർമാണവുമായി ബന്ധപ്പെട്ടു സ്പെഷൽ കമ്മിഷണർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹർജിയും മറ്റുമാണു കോടതിയിൽ.