പ്രളയമിറങ്ങിയ വഴിതാണ്ടി ആരവ് മടങ്ങിയെത്തി; അനിതാലയത്തിൽ വീണ്ടും ആഹ്ലാദാരവം

അഞ്ചു ദിവസം പ്രളയത്തിൽ ഒറ്റപ്പെട്ടു കഴിഞ്ഞതിനുശേഷം രക്ഷാപ്രവർത്തകർ രക്ഷിച്ച അഖിലയും മകൻ മൂന്നര മാസം പ്രായമുള്ള ആരവും ഇന്നലെ തിര‍ുവൻവണ്ടൂരിലെ അഖിലയുടെ വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെ ഓമനിക്കുന്ന അഖിലയുടെ മുത്തശ്ശി തങ്കമ്മ. അഖിലയുടെ അമ്മ അനിത, ഭർത്താവ് അരുൺ, ഭർതൃമാതാവ് വത്സല എന്നിവർ സമീപം. ചിത്രം: ആർഎസ് ഗോപൻ ∙ മനോരമ

തിരുവൻവണ്ടൂർ (ആലപ്പുഴ)∙ അഞ്ചുനാൾ അമ്മ പെയ്തുതീർത്ത കണ്ണീർമഴയിൽ കുതിർന്നാണ് ആരവ് ഒരുമാസം മുൻപു പ്രളയം കടന്നു കരയിലേക്കെത്തിയത്. സുരക്ഷിത തീരത്ത് ക്യാമറക്കണ്ണ് അവന്റെ പുഞ്ചിരി കണ്ടെടുത്തപ്പോൾ അമ്മയുടെ കണ്ണിൽ ആശ്വാസമഴയുടെ ഒരു നീർത്തുള്ളിയുണ്ടായിരുന്നു. പ്രളയമിറങ്ങിയ വഴ‍ിതാണ്ടി, ആരവും അമ്മ അഖിലയും ഇന്നലെ തിരുവനന്തപുരത്തുനിന്നു തിരുവൻവണ്ടൂരിലെ വീട്ടിലേക്കു മടങ്ങിയെത്തി.

തിരുവൻവണ്ടൂർ വനവാതുക്കര അനിതാലയത്തിൽ അഖില വിശപ്പു കടിച്ചമർത്തി രണ്ടരമാസക്കാരൻ ആരവിനെ പാലൂട്ടി പ്രളയത്തിനു നടുവിൽ കഴിഞ്ഞത് നാലുനാൾ. ഓഗസ്റ്റ് 15നു ഭർത്താവ് അരുണും അമ്മയും അഖിലയുടെ വീട്ടിലെത്തി മടങ്ങുമ്പോൾ റോഡിൽ മാത്രമായിരുന്നു വെള്ളം. രാത്രി പമ്പയാറിൽ വെള്ളം ഇരച്ചെത്തി. വീടിനുള്ളിൽ വെള്ളമായി.

അഖിലയെയും കുഞ്ഞിനെയും സഹോദരൻ അർജുനിനൊപ്പം അയൽപക്കത്തെ സുരക്ഷിതമെന്നു കരുതിയ വീടുകളിലേക്കു പലവട്ടം മാറ്റി. അവ‍ിടെയെല്ലാം വെള്ളമെത്തി. അനിതാലയത്തിന്റെ ടെറസിൽ അഖിലയുടെ അമ്മ അനിതയും മുത്തശ്ശി തങ്കമ്മയും സഹോദരി അനിലയും മാത്രം. അകലെയല്ലാത്ത വീടുകളിലാണെങ്കിലും കുടുംബാംഗങ്ങൾക്ക് തമ്മിൽ എവിടെയാണെന്നറിയാത്ത അവസ്ഥ.

കുടുംബത്തെ രക്ഷിക്കാൻ അരുൺ മൂന്നുതവണ വള്ളവുമായി പുറപ്പെട്ടു. ഒഴുക്കു തടസ്സമായി. 19നു വൈകിട്ടു മൂന്നുമണിയോടെ അഗ്നിരക്ഷാസേനയുടെ ബോട്ടിലാണ് അഖിലയെയും കുടുംബാംഗങ്ങളെയും രക്ഷിച്ചത്. തുടർന്ന് എല്ലാവരും അരുണിന്റെ തിരുവനന്തപുരം കണിയാപുരത്തെ വീട്ടിലേക്കു പോയി.

കുടുംബം പ്രളയത്തിൽപ്പെട്ടശേഷം ഫോണിൽപോലും ബന്ധപ്പെടാൻ കഴിയാതെ അഖിലയുടെ അച്ഛൻ മധുസൂദനൻ നായർ, അവധിക്കായി സ്ഥാപന ഉടമയ‍ുമായി വഴക്കിട്ടു രണ്ടുനാൾ ഖത്തറിലെ ജയിലില‍ായി. 22ന് ആണ് അദ്ദേഹം നാട്ടിലെത്തിയത്. ഇതിനിടയിൽ മലിനജലത്തിലിറങ്ങിയ തങ്കമ്മയ്ക്കു കാലിൽ അണുബാധയേറ്റു. എലിപ്പനി ബാധിച്ച് അരുണും ഇത്രയും നാൾ ചികിത്സയിലായിരുന്നു.