ബിഷപ്പ്: ചോദ്യം ചെയ്യൽ തലേന്നത്തേതിന്റെ തനിയാവർത്തനം; മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ പാടുപെട്ട് പൊലീസ്

കൊച്ചി∙ തൃപ്പൂണിത്തുറയിലെ വനിതാസെൽ കെട്ടിടത്തിലെ അതേ മുറി. അതേ ഉദ്യോഗസ്ഥർ. ഏഴര മണിക്കൂർ ചോദ്യം ചെയ്യൽ. പുറത്ത്, മാധ്യമപ്പടയും പൊലീസുകാരും കാവൽ. അറസ്റ്റുണ്ടാകുമോയെന്ന ചോദ്യത്തിന്, ചോദ്യം ചെയ്യൽ പൂർത്തിയാകട്ടെയെന്ന പതിവു മറുപടി. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യൽ നടക്കുന്ന വനിതാ സെൽ വളപ്പിൽ ഇന്നലെയും കാര്യങ്ങളെല്ലാം തലേന്നത്തേതിനു സമാനമായിരുന്നു.

എഐവൈഎഫ് ബുധനാഴ്ച വൈകിട്ടു നടത്തിയ പ്രതിഷേധം പരിഗണിച്ച്, ഇന്നലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിനു ചുറ്റും കനത്ത പൊലീസ് സന്നാഹമുണ്ടായിരുന്നു. അൻപതോളം പൊലീസുകാരാണു സ്ഥലത്തുണ്ടായിരുന്നത്. സിറ്റി ഡപ്യൂട്ടി കമ്മിഷണർ ജെ. ഹിമേന്ദ്രനാഥ്, ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ബിജി ജോർജ് എന്നിവർക്കായിരുന്നു സുരക്ഷാ ചുമതല. മാധ്യമപ്രവർത്തകരെയും പ്രതിഷേധക്കാരെയും ഒഴിവാക്കാനായി, ബിഷപ്പിന് ഇന്നലെ കനത്ത പൊലീസ് സുരക്ഷയാണൊരുക്കിയത്.

താമസസ്ഥലത്തു നിന്നു രാവിലെ വനിതാസെൽ കെട്ടിടത്തിലേക്കും വൈകിട്ടു തിരിച്ചും എത്തിക്കുന്നതിൽ പൊലീസ് അതീവ ശ്രദ്ധ പുലർത്തി. പൊലീസുകാരുടെ എണ്ണം വർധിച്ചുവെങ്കിലും തൃപ്പൂണിത്തുറയിൽ ഇന്നലെ നാട്ടുകാരായ കാഴ്ചക്കാർ കുറവായിരുന്നു. ഇടയ്ക്ക് മഴ പെയ്തതും നാട്ടുകാരെ അകറ്റി. വൈകുന്നേരമാണു ചിലരെങ്കിലും കാഴ്ചക്കാരായെത്തിയത്.

ബിഷപ് കുണ്ടന്നൂരിലെ ഹോട്ടലിൽ നിന്നു രാവിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്കു പോകുന്നതിനിടെ മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാൻ പൊലീസിന്റെ ശ്രമമുണ്ടായി. ആദ്യ ദിവസം ബിഷപ് വന്ന കാറിൽ രണ്ടു വൈദികരെ കയറ്റി ശ്രദ്ധ തിരിക്കുകയായിരുന്നു തന്ത്രം. അൽപസമയത്തിനു ശേഷം മറ്റൊരു കാർ എത്തിച്ചാണു ബിഷപ്പിനെ കയറ്റിയത്.

തുടർന്ന് രണ്ടു കാറുകളും പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ഹോട്ടലിൽ നിന്ന് ഒരേസമയം രണ്ടു ദിശയിലേക്കു പോയി. ആദ്യ ദിവസം വന്ന വാഹനത്തിൽ തന്നെയായിരിക്കും ബിഷപ് എന്ന് കരുതി ചില മാധ്യമങ്ങൾ പിറകെ പോയെങ്കിലും മറ്റേ വഴിയിലൂടെ പോയ കാറിൽ ബിഷപ് ചോദ്യംചെയ്യൽ കേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു.