പ്രളയം: കേന്ദ്ര സംഘത്തിന്റെ സന്ദർശനം ഇന്നുമുതൽ

തിരുവനന്തപുരം∙ സംസ്ഥാനത്തു പ്രളയം സൃഷ്ടിച്ച നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനും നിയോഗിക്കപ്പെട്ട കേന്ദ്ര സംഘം ഇന്നുമുതൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നാലു ടീമായി തിരിഞ്ഞ് 24 വരെയാണു പര്യടനം. ദുരന്തം നേരിട്ട 12 ജില്ലകളിലും കേന്ദ്രസംഘം സന്ദർശിച്ചു നാശനഷ്ടങ്ങൾ വിലയിരുത്തും.

11 പേരടങ്ങുന്ന കേന്ദ്രസംഘത്തിന്റെ തലവൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷൽ സെക്രട്ടറി ബി.ആർ.ശർമയാണ്. ഡോ. ബി.രാജേന്ദർ, വന്ദന സിംഗാൾ എന്നിവരാണു മറ്റു ടീമംഗങ്ങൾ. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഇവർ സന്ദർശനം നടത്തുന്നത്.

നീതിആയോഗിൽ ഉപദേശകനായ ഡോ. യോഗേഷ് സുരിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ടീം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണു സ്ഥിതിഗതികൾ വിലയിരുത്തുക. ഡോ. ദിനേശ് ചന്ദ്, വി.വി.ശാസ്ത്രി എന്നിവരാണു മറ്റ് അംഗങ്ങൾ.

ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എ.വി.ധർമ റെഡ്ഢി, ഗ്രാമവികസന ഡയറക്ടർ ധരംവീർഛ എന്നിവരടങ്ങുന്ന മൂന്നാം സംഘം കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ പര്യടനം നടത്തും.

ആഷൂമാത്തൂർ നയിക്കുന്ന നാലമത്തെ ടീം എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകൾ സന്ദർശിച്ചു ദുരിതങ്ങൾ വിലയിരുത്തും. ടി.എസ്.മെഹ്‌റ, അനിൽകുമാർ സംഘി എന്നിവരടങ്ങുന്നതാണു നാലാം ടീം.

റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, കലക്ടർമാർ തുടങ്ങിയവർ പ്രളയദുരിതം സംബന്ധിച്ച വിവരങ്ങൾ സംഘത്തെ ധരിപ്പിക്കും. 24നു മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘം സെക്രട്ടേറിയറ്റിൽ ചർച്ച നടത്തും. അന്നു തന്നെ മടങ്ങും.