7 മണിക്കൂർ, 150 ചോദ്യങ്ങൾ: പഴയ വാദങ്ങൾ ആവർത്തിച്ച് ബിഷപ്

കൊച്ചി തൃപ്പൂണിത്തുറ വനിതാ സെൽ ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിനു ശേഷം ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ മടങ്ങുന്നു. കോട്ടയം എസ്പി ഹരിശങ്കർ സമീപം. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ.

കൊച്ചി ∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം 7 മണിക്കൂർ ചോദ്യം ചെയ്തു. കോട്ടയം എസ്പി ഹരിശങ്കർ, െവെക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ ചോദിച്ചതു 150 ചോദ്യങ്ങൾ. നിരപരാധിയാണ്, പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ട് എന്നീ വാദങ്ങൾ ബിഷപ് ആവർത്തിച്ചു. തൃപ്പൂണിത്തുറ വനിതാ സെല്ലിനു മുകളിലെ ആധുനിക മുറിയിൽ രാവിലെ 11നു തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് ആറിനാണ് അവസാനിച്ചത്. ഇന്നു 11നു വീണ്ടും ഹാജരാകാനാണു നിര്‍ദേശം.

കന്യാസ്ത്രീക്കെതിരെ താൻ അച്ചടക്കനടപടി എടുത്തതിലുള്ള വിരോധം മൂലമുള്ള കള്ളക്കേസാണെന്നു ജലന്തറിലെ ചോദ്യം ചെയ്യലിൽ ബിഷപ് പറഞ്ഞിരുന്നു. നടപടി എടുക്കുംമുൻപും പീഡനത്തെക്കുറിച്ചു കന്യാസ്ത്രീ പലർക്കും പരാതി നൽകിയതിന്റെ തെളിവുകൾ ഇന്നലെ അന്വേഷണ സംഘം നിരത്തി. ഇത്തരം പല പുതിയ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകിയില്ല. തനിക്ക് അറിയില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. അതേസമയം, ബിഷപ് സഹകരിക്കുന്നുണ്ടെന്നും അറസ്റ്റ് അടക്കമുള്ള മറ്റു തീരുമാനങ്ങൾ ചോദ്യംചെയ്യൽ പൂർത്തിയായ ശേഷമേ പറയാൻ കഴിയൂ എന്നും എസ്പി അറിയിച്ചു.

ഇന്നലെ രാവിലെ 10നു ഹാജരാകാനാണ് നോട്ടിസ് നൽകിയിരുന്നത്. പൊലീസ് ബൈക്കിന്റെ അകമ്പടിയോടെ, കാറിൽ 11ന് ബിഷപ് എത്തി. ഇരുമ്പനത്തെ ഒരു വ്യവസായിയുടെ പേരിലുള്ള കാറാണിത്. ബിഷപ്പിന്റെ സഹോദരനും ഒരു വൈദികനും ഒപ്പമുണ്ടായിരുന്നു. ഇവർക്കു പിറകെ, മറ്റൊരു കാറിൽ രണ്ട് അഭിഭാഷകരുമെത്തി.

രണ്ടു ദിവസം മുൻപു തന്നെ ബിഷപ് ഫ്രാങ്കോ തൃശൂർ അയ്യന്തോളിലെ ബന്ധുവീട്ടിലെത്തി, അഭിഭാഷകരുമായി ചർച്ച നടത്തിയിരുന്നതായി വിവരമുണ്ട്. ഇന്നലെ രാവിലെയാണു തൃശൂരിൽ നിന്നു തൃപ്പൂണിത്തുറയിലെത്തിയത്. ചോദ്യം ചെയ്ത കേന്ദ്രത്തിന് 1.5 കിലോമീറ്റർ മുൻപ്, കരിങ്ങാച്ചിറയിൽ നിന്നാണു പൊലീസിന്റെ ബൈക്ക് അകമ്പടി നൽകിയത്. ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ ബിഷപ്പിനു നേരെ എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു.