ആദ്യം ആശങ്ക, പിന്നെ ആകാംക്ഷ, ഒടുവിൽ പ്രതി‌ഷേധം

കൊച്ചി ∙ തൃപ്പൂണിത്തുറ വനിതാ സെൽ, ക്രൈംബ്രാഞ്ച് (ഹർട് ആൻഡ് ഹോമിസൈഡ് വിങ്) എസ്പിയുടെ ഓഫിസ് എന്നീ ഓഫിസുകളുടെ വളപ്പിൽ ഇന്നലെ രാവിലെ മുതൽ നാട്ടുകാരും മാധ്യമപ്രവർത്തകരും തടിച്ചുകൂടിയിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയാണു ചോദ്യം ചെയ്യൽ തൃപ്പൂണിത്തുറയിലെ ആധുനിക ചോദ്യം ചെയ്യൽ മുറിയിൽ നടത്താൻ തീരുമാനമായത്.

വളപ്പിനകത്തു കടക്കാൻ മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല. കൊച്ചി ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ബിജി ജോർജിന്റെ നേതൃത്വത്തിലാണു കനത്ത സുരക്ഷാ സംവിധാനമൊരുക്കിയത്. 

ബിഷപ്പും ഉദ്യോഗസ്ഥരും എത്താൻ വൈകിയതോടെ ചോദ്യം ചെയ്യൽ വൈക്കത്തേക്കോ ഐജിയുടെ ഓഫിസിലേക്കോ മാറ്റാനിടയുണ്ടെന്ന അഭ്യൂഹം പരന്നു.  എന്നാൽ ചോദ്യം ചെയ്യൽ തൃപ്പൂണിത്തുറയിൽ തന്നെയാകുമെന്നു പത്തരയോടെ ഉറപ്പായി.

കൂടുതൽ പൊലീസുകാർ വനിതാ സെൽ വളപ്പിലെ ഗേറ്റിലെത്തി ദൃശ്യമാധ്യമ പ്രവർത്തകരുടെ ക്യാമറകൾ മാറ്റി. ഇതിനിടെ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിൽ പങ്കെടുത്ത ഒരു സ്ത്രീയെ ചോദ്യം ചെയ്യൽ കേന്ദ്രത്തിന്റെ പരിസരത്തു കണ്ടതു ചിലർ പൊലീസിനെ അറിയിച്ചു. പൊലീസ് ചോദ്യമുന്നയിച്ചപ്പോൾ, ‘പത്രവാർത്ത കണ്ട‌ു വന്നതാണെന്നും ഇവിടെ നിന്നു കൂടേ’ യെന്നുമായിരുന്നു അവരുടെ പ്രതികരണം. ‘സമരപ്പന്തലിൽ കണ്ടിരുന്നല്ലോ’ എന്നു ചോദിച്ചപ്പോൾ ‘അവിടെയും പോയിരുന്നു’ എന്നു മറുപടി. അൽപസമയത്തിനകം സ്ത്രീ അവിടെ നിന്ന് അപ്രത്യക്ഷയായി.

ഇതിനിടെ, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് എത്തി. ഏതു നിമിഷവും ബിഷപ് എത്തിയേക്കുമെന്നായി. എന്നാൽ, മാധ്യമപ്രവർത്തകർ പ്രതീക്ഷിച്ച ദിശയിൽ നിന്നല്ല, ബിഷപ്പിന്റെ കാറെത്തിയത്. എതിർവശത്തു നിന്നെത്തിയ കാർ കാര്യമായ തടസ്സമൊന്നും കൂടാതെ ക്രൈംബ്രാഞ്ച് ഒ‌‍ാഫിസ് വളപ്പിലേക്കു കയറിപ്പോയി. കാറിന്റെ പിൻവശത്തെ ചില്ലുകൾ കറുത്ത ഷെയ്ഡ് വച്ച് മറച്ചിരുന്നു.

ബിഷപ് എത്തിയതോടെ നാട്ടുകാരിൽ മിക്കവരും പിരിഞ്ഞുപോയി. മാധ്യമപ്രവർത്തകരും പൊലീസുകാരും ശേഷിച്ചു. ബിഷപ് എത്തി അൽപസമയത്തിനകം കോട്ടയം എസ്പി ഹരിശങ്കർ ചോദ്യംചെയ്യൽ ആരംഭിച്ചു. ഉച്ചഭക്ഷണം പോലും കഴിക്കാതെയായിരുന്നു ചോദ്യം ചെയ്യൽ. ഇടയ്ക്കു വെള്ളവും റൊട്ടിയും ജ്യൂസും പഴവും ബിഷപ്പിനു നൽകി. വൈകിട്ട് അഞ്ചരയോടെ, ബിഷപ്പിന്റെ അഭിഭാഷകർ പുറത്തിറങ്ങി.

ചോദ്യം ചെയ്യൽ ഒരു ദിവസം കൊണ്ടുതന്നെ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മൊഴിയെപ്പറ്റി തൽസമയം തന്നെ അന്വേഷണം നടത്തുന്നതിനാലാണു ചോദ്യം ചെയ്യൽ വൈകുന്നതെന്നും അഭിഭാഷകർ പ്രതികരിച്ചു. അര മണിക്കൂറിനകം ചോദ്യം ചെയ്യൽ അവസാനിച്ചു. ആറരയോടെ ബിഷപ്പും ഒപ്പമുള്ള വൈദികനും സഹോദരനും പുറത്തിറങ്ങി. ഇവരുടെ കാർ പുറത്തേക്കിറങ്ങുന്നതിനിടെ എഐവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. ഇവരെ പൊലീസ് നീക്കി. പിന്നീടു പുറത്തിറങ്ങിയ എസ്പി ഹരിശങ്കറിനെ മാധ്യമപ്രവർത്തകർ വട്ടമിട്ടെങ്കിലും, ഒന്നു‌ം വിട്ടുപറയാതെ ചോദ്യങ്ങൾക്കു മറുപടി നൽകി അദ്ദേഹവും സ്ഥലംവിട്ടതോടെ ഒരു പകൽ നീണ്ട സംഭവങ്ങൾക്കു തിരശീല വീണു.